2011, സെപ്റ്റംബർ 30, വെള്ളിയാഴ്‌ച

പറയാന്‍ മറന്നത്....



പറയാന്‍ ഒരുപാടു
ബാക്കി വെയ്ക്കുമ്പോള്‍
പറഞ്ഞതെല്ലാം
അര്‍ത്ഥശൂന്യമാകുന്നതു പോലെ
വരികള്‍ക്കിടയില്‍
എഴുതാന്‍ മറന്നത്,
വാക്കുകള്‍ക്കിടയില്‍
പറയാന്‍ മറന്നത്
മുള്ളുകളായി
ഹൃദയത്തില്‍ വന്നു
തറയ്ക്കന്നു.
ഈ വേദനയ്കു
പരിഹാരമില്ലേ
ചിന്തകളിലെ തീ
ഒരിയ്ക്കലും അണയുകയില്ലേ
വ്യര്‍ത്ഥജന്‍മത്തിന്റെ
വ്രണങ്ങള്‍ക്കിടയിലും
പുഞ്ചിരി വിടര്‍ത്താന്‍
കഴിയുമെന്ന് നീ പറയുന്നു.
ഒരു പുഞ്ചിരി
ഉയിര്‍ത്തെഴുന്നേല്‍ക്കുന്നത്
ഒരുപാടു തുള്ളി കണ്ണീരില്‍
നിന്നാവാം.
വേദനയോടെ
നീ മടങ്ങുമ്പോള്‍
എന്റെ ജന്മം
കണ്ണാടിച്ചില്ലുകളായി
നുറുങ്ങിപ്പോവുന്നു,
ഓരോ ചില്ലിലും
നിന്റെ ദൈന്യതയുടെ
നിഴലുകള്‍ ബാക്കി വെയ്ക്കുന്നു
സൌഹൃദംചിലപ്പോള്‍
പൂരിപ്പിക്കാന്‍
കഴിയാത്ത ഒരു
സമസ്യയാവുന്നതെന്താണ്........

2011, സെപ്റ്റംബർ 12, തിങ്കളാഴ്‌ച

അഭിമുഖം-ചന്ദ്രിക വാരിക ഓഗസ്റ്റ്‌ 27/ഷീബ ഇ കെ


         
എഴുതാനിരിക്കുമ്പോള്‍     സംഭവിക്കുന്നത്.

മികച്ച കഥയെക്കുറിച്ചുള്ള സങ്കല്പമെന്താണ്?
വായന കഴിയുമ്പോള്‍ എന്തെങ്കിലും അവശേഷിപ്പിക്കുന്നതാവണം കഥ.വേദനയോ ചിരിയോ കുറ്റബോധമോ സന്തോഷമോ നഷ്ടബോധമോ എന്തെങ്കിലും ഒന്ന് കഥ വായിച്ചു തീര്‍ന്നും പിന്‍തുടര്‍ന്നു കൊണ്ടേയിരിക്കണം,കുറച്ചു നാളത്തേക്കെങ്കിലും.ഉണങ്ങിക്കഴിഞ്ഞാലും അമര്‍ത്തിത്തൊടുമ്പോള്‍ ചോര പൊടിയുന്ന ഒരു മുറിവു പോലെ.

സ്ത്രീജീവിതത്തിന്റെ ആവിഷ്കാരങ്ങള്‍ മലയാളത്തില്‍ എത്ര കണ്ട് പ്രബലമായിട്ട് വന്നു എന്നാണ് താങ്കള്‍ വിചാരിക്കുന്നത്?
ആകാശം പോലെ വിസ്തൃതമാണ് പെണ്‍ജീവിതം.പക്ഷേ, ജാലകപ്പഴുതിലൂടെ കാണുന്ന ആകാശക്കീറു പോലെയേ അതിന്റെ വ്യാപ്തി നമ്മള്‍ അറിയുന്നുള്ളൂ.പകലിരവുകള്‍ക്കും ഋതുഭേദങ്ങള്‍ക്കുമനുസരിച്ച് എന്തെല്ലാം വര്‍ണ്ണപ്പകര്‍ച്ചകളാണ് ആകാശത്ത് വിരിയുന്നത്.അതുപോലെ സങ്കീര്‍ണ്ണമാണ് പെണ്‍മനസ്സും.പ്രവചനാതീതമാണത്.മാധവിക്കുട്ടിയുടെയും രാജലക്ഷ്മിയുടെയും കഥകളില്‍ ആ സങ്കീര്‍ണ്ണത ആവിഷ്കരിക്കപ്പെട്ടിട്ടുണ്ട്.തീരെ സാധാരണമായ സാഹചര്യങ്ങളില്‍ ജീവിക്കുന്ന അതിസങ്കീര്‍ണ്ണമായ മാനസികാവസ്ഥയുള്ള സ്ത്രീകള്‍..പുതിയ കാലഘട്ടത്തിലെ സ്ത്രീകള്‍ക്ക് കൂടുതല്‍ സങ്കീര്‍ണ്ണമായ മനസ്സാണ്. മലയാളത്തിന്റെ കഥകളില്‍ ആ സങ്കീര്‍ണ്ണത മുഴുവന്‍ പ്രബലമായി ആവിഷ്കരിക്കപ്പെട്ടിട്ടുണ്ട് എന്നു തോന്നുന്നില്ല.അസാധാരണമായ വിധത്തില്‍ സങ്കീര്‍ണ്ണതയുടെ നിറം ചേര്‍ത്ത സ്ത്രീകഥാപാത്രങ്ങളെ ചില കഥകളില്‍ വായിക്കുമ്പോള്‍ പക്ഷേ,മടുപ്പാണ് തോന്നുക.യഥാര്‍ത്ഥജീവിതത്തിന്റെ സങ്കീര്‍ണ്ണതയുടെ ആവിഷ്കാരങ്ങള്‍ കുറവാണ്.

സ്ത്രീ എഴുതുമ്പോള്‍ സംഭവിക്കുന്നതെന്താണ്?
(a)സ്ത്രീയുടെ എഴുത്തും സമൂഹവും.

സ്ത്രീയും പുരുഷനും രണ്ടു വിധത്തില്‍ പെരുമാറണമെന്ന് സമൂഹം ആഗ്രഹിക്കുന്നുണ്ട്.വെട്ടിത്തുറന്നു കാര്യങ്ങള്‍ പറയുന്ന പുരുഷന്‍ ധീരനാണെന്ന് പുകഴ്ത്തപ്പെടുമ്പോള്‍ അങ്ങനെ ചെയ്യുന്ന സ്ത്രീ അഹങ്കാരിയാണ്.എഴുത്തിന്റെ കാര്യത്തിലും സ്വാഭാവികമായും സമൂഹം ഈ വേര്‍തിരിവു പ്രതീക്ഷിക്കുന്നുണ്ട്.സ്ത്രീ(എഴുതുകയാണെങ്കില്‍) അച്ചടക്കത്തോടെ,അടക്കമൊതുക്കത്തോടെ(തല താഴ്ത്തി മുഖം കുനിച്ച് ഗ്രാമപാതയിലൂടെ പാഠശാലയിലേക്ക് പോകുന്ന പെണ്‍കുട്ടിയെപ്പോലെ) എഴുതിയാല്‍ മതി.അതില്‍ പച്ചയായ വികാരാവിഷ്കാരങ്ങളോ പൊട്ടിത്തെറികളോ തുറന്നു പറച്ചിലുകളോ പാടില്ല.തീര്‍ച്ചയായും അത് സഭ്യമായിരിക്കണം.തുറന്നെഴുതാന്‍ ധൈര്യം കാണിച്ച എഴുത്തുകാരികളെ അഭിസാരികയെന്നു മുദ്ര കുത്തിയ സമൂഹം എഴുത്തുകാരിയുടെ പിന്നാലെ ഒരു അളവുകോലുമായി നടക്കുന്നുണ്ട്.തുറന്നെഴുതുന്ന എഴുത്തുകാരന്‍ ഒരിക്കലും വിടന്‍ ആവുന്നില്ല.അവനെത്തേടി അശ്ലീലസന്ദേശങ്ങള്‍ വരികയില്ല.അവന്‍ എഴുതുന്നതെല്ലാം സങ്കല്പങ്ങള്‍ മാത്രമാണ്.എന്നാല്‍ എഴുത്തുകാരി തുറന്നെഴുതുമ്പോള്‍ അത് അവളുടെ അനുഭവങ്ങളായി എണ്ണപ്പെടുകയും അവള്‍ ശരിയല്ലാത്തവള്‍ ആയിത്തീരുകയും ചെയ്യുന്നു.ചില രചനകളില്‍ ഈ അടക്കിവെയ്കല്‍ പ്രകടമായിക്കാണാം.അതേസമയം,തുറന്നെഴുത്ത് എന്ന പേരില്‍ ഒരുപാട് അസഭ്യങ്ങള്‍ എഴുതിക്കാണുന്നത് അരോചകമാണ്.

(b) സ്ത്രീയും എഴുത്തും

സാമൂഹികമായും ജൈവികമായും സങ്കീര്‍ണ്ണമായ ഉത്തരവാദിത്തങ്ങള്‍ നിറഞ്ഞതാണ് സ്ത്രീയുടെ ദൈനംദിന ജീവിതം.എഴുത്തിന് ഇവയെല്ലാം പരിമിതികള്‍ സൃഷ്ടിക്കുന്നുണ്ട്.ഒരു സ്ത്രീക്ക് എഴുത്തുകാരിയാവാന്‍ കിട്ടുന്നത് ദിവസത്തിന്റെ വളരെക്കുറച്ചു സമയം മാത്രമാണ്.ഭാര്യയും അമ്മയും മകളും മരുമകളും സഹോദരിയും കാമുകിയും ഉദ്യോഗസ്ഥയുമൊക്കെയായി പലവിധ റോളുകള്‍ ആടിത്തീര്‍ത്തതിനു ശേഷം വീണു കിട്ടുന്ന ഇടവേളകളിലാണ് അവള്‍ എഴുത്തുകാരിയുടെ കുപ്പായം എടുത്തണിയുന്നത്.ചിലപ്പോള്‍ ദിവസങ്ങളോളം അവള്‍ക്കതിനു കഴിയാതെയും വരുന്നു.കൂടിക്കിടക്കുന്ന ഒരുപാട് ഉത്തരവാദിത്തങ്ങള്‍ വിസ്മരിച്ച് പൂര്‍ണ്ണമായും എഴുത്തിലേക്കിറങ്ങുന്നതിന് പരിമിതികള്‍ ഉണ്ട്.കടമകളാല്‍ തീപിടിച്ച മനസ്സില്‍ എന്തെങ്കിലും ആശയങ്ങള്‍ ഉരുത്തിരിഞ്ഞാല്‍ത്തന്നെ അത് ഇറക്കിവെയ്ക്കാന്‍ കാലതാമസം വരാം.ചിലത് പാടെ വിസ്മൃതമായേക്കാം.ഉദ്യോഗസ്ഥ കൂടിയാണെങ്കില്‍ ഉറങ്ങുന്ന സമയത്തൊഴികെ വിശ്രമമില്ല.അതേസമയം മിക്ക പുരുഷന്‍മാരും ജോലിസമയം കഴിയുന്നതോടെ സമ്പൂര്‍ണ്ണ സ്വതന്ത്രരാണ്.ക്ലബ്ബിലോ ബാറിലോ ടി വി ക്കു മുമ്പിലോ വായനാ മുറിയിലോ അവര്‍ സമയം ചെലവിടുമ്പോള്‍
ഉദ്യോഗസ്ഥ വനിത രാത്രി ഭക്ഷണത്തിന്റെയും മറ്റും തിരക്കുകളിലായിരിക്കും.വീട്ടുജോലികളില്‍ സഹായിക്കുന്ന പുരുഷന്‍മാര്‍ ഉണ്ട് എങ്കിലും 'എനിക്കിന്ന് എഴുതാനുണ്ട് 'എന്നു പ്രഖ്യാപിച്ച് എഴുത്തു മുറിയില്‍ കയറി വാതിലടക്കാനുള്ള സ്വാതന്ത്ര്യം സ്ത്രീക്ക് ഇല്ലാതെ പോകുന്നു.കാരണം,അവള്‍ ഭക്ഷണം വിളമ്പുന്നതും കാത്ത് തീന്‍മേശയില്‍ വൃദ്ധരും കുട്ടികളും യുവാക്കളും കാത്തു നില്കുന്നുണ്ട്.ശാരീരീകാദ്ധ്വാനം കഴിഞ്ഞു കിട്ടുന്ന ഇടവേളകളില്‍ ബുദ്ധിപരമായ ജോലികള്‍ ചെയ്യാന്‍ എല്ലാവര്‍ക്കും കഴിഞ്ഞു എന്നു വരില്ല.ഈ രീതിയില്‍ തന്നെ ജീവിതം കറങ്ങുമ്പോള്‍ ചിലര്‍ പൊട്ടിത്തെറിക്കുന്നു,ചിലര്‍ ഒതുങ്ങിക്കൂടുന്നു.

(c)എന്റെ എഴുത്ത്
കൂട്ടുകാരും ബഹളങ്ങളും കുറഞ്ഞ,അന്തര്‍മുഖത്വം നിറഞ്ഞ ബാല്യ-കൌമാരങ്ങള്‍.പുസ്തകങ്ങളും ചായക്കൂട്ടുകളും പ്രകൃതിയും സ്വയം സംസാരിക്കാനും ചിന്തിക്കാനും എഴുതാനും പ്രചോദനമായി.പരിമിതികള്‍ ഉണ്ടെങ്കിലും എഴുത്ത് എന്റെ സ്വകാര്യ സന്തോഷമാണ്.കൊടുങ്കാറ്റും പേമാരിയുമുള്ള ഇരുണ്ട രാത്രിയില്‍ വനത്തിലുപേക്ഷിക്കപ്പെട്ട കുഞ്ഞിനെപ്പോലെ അതെന്നെ നിസ്സഹായയും ബന്ധിതയുമാക്കിയിട്ടുണ്ട് ചിലസമയത്ത്.എങ്കിലും തടാകത്തില്‍ വീണ് വീര്‍പ്പുമുട്ടി പൊങ്ങി ശ്വാസമെടുക്കുമ്പോള്‍ തോന്നുന്ന ആശ്വാസവും അതെനിക്കു തന്നിട്ടുണ്ട്.വേദനാനിര്‍ഭരമായ എഴുത്തുപേക്ഷിച്ച് സാധാരണ ജീവിതത്തിന്റെ സന്തോഷങ്ങളിലേക്ക് മടങ്ങി വരാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്നാഗ്രഹിക്കുമ്പോള്‍ തന്നെ വിവരണാതീതമായ സമാശ്വാസം അതു പകര്‍ന്നു തന്നിട്ടുണ്ട്.എഴുത്തില്‍ നിന്ന് ഉണ്ടാവുന്ന വേദന മറ്റാരുമായും പങ്കുവെച്ച് തീര്‍ക്കാന്‍ വയ്യ.അതുപോലെ അതിന്റെ ആനന്ദവും പങ്കിട്ട് ഇരട്ടിപ്പിക്കാനാവില്ല.
മുറിവു പോലെയാണത്.ആത്മാവിന്റെ മുറിവുകള്‍.


ദുഃഖങ്ങളുടെ സമാന്തരത്വമാണു ജീവിതം എന്ന ആശയമല്ലേ 'തിരുനെല്ലിയിലേക്കുള്ള ദൂരങ്ങള്‍.'എന്ന കഥയില്‍ ഉയര്‍ത്തുന്നത്?
ദുഃഖങ്ങള്‍ എപ്പോഴും ജീവിതത്തിനു സമാന്തരമായി ഉണ്ട്.ഒരുപക്ഷേ,സുഖങ്ങളേക്കാള്‍ സുനിശ്ചിതമായ ദുഃഖങ്ങള്‍ നമുക്കുണ്ട്.ആരിലും അസൂയ ജനിപ്പിക്കുമാറ് ഊര്‍ജ്ജസ്വലരായ ചിലരെ കണ്ടിട്ടുണ്ട്.പഠിക്കുന്ന കാലത്തൊക്കെ എല്ലാവരുടെയും ആരാധനാ പാത്രമായ കുട്ടികള്‍.വളരെ ഉയര്‍ന്ന നിലകളില്‍ അവരെത്തുമെന്ന് സ്വാഭാവികമായും എല്ലാവരും പ്രതീക്ഷിക്കുന്നവര്‍.പിന്നീട് വളരെക്കാലം കഴിഞ്ഞ് അവരെ കണ്ടുമുട്ടുമ്പോള്‍ അവര്‍ നമ്മള്‍ പ്രതീക്ഷിക്കുന്ന അവസ്ഥയിലേ അല്ല.പഴയ ഊര്‍ജ്ജസ്വലന്റെ പ്രേതം കണക്കേ അവര്‍.
അതേ സമയം നമ്മള്‍ തീരെ പ്രതീക്ഷിക്കാത്ത ,ആരാലും ശ്രദ്ധിക്കപ്പെടാതെ നടന്നിരുന്ന ചിലര്‍ ഒരുപാടുയരത്തില്‍ എത്തിയിട്ടുമുണ്ടാവും.
നന്നായി പഠിച്ചിരുന്ന പെണ്‍കുട്ടി, തൂപ്പുജോലിക്കുള്ള ഇന്റര്‍വ്യൂവിനു ക്യൂ നില്‍ക്കുന്നതു കണ്ടപ്പോള്‍,സുന്ദരിയായിരുന്നവള്‍ അംഗവൈകല്യമുള്ള ദരിദ്രനായ ഭര്‍ത്താവിന്റെ കൈ പിടിച്ചു വന്നപ്പോള്‍ ,ഉല്ലാസവതിയായ പെണ്‍കുട്ടി വിധവയായി കുഞ്ഞുങ്ങളുടെ വിരല്‍ത്തുമ്പു പിടിച്ചു പുഞ്ചിരിച്ചപ്പോള്‍,ചുമട്ടുകാരന്റെ മകന്‍ ആഢംബരക്കാറില്‍ വന്നു പരിചയം പുതുക്കിയപ്പോള്‍ തോന്നിയ വിസ്മയങ്ങള്‍.അതില്‍ നിന്നുണ്ടായതാണ് 'തിരുനെല്ലിയിലേക്കുള്ള ദൂരങ്ങള്‍.' ചിലപ്പോള്‍ സന്തോഷമാവാം,ചിലപ്പോള്‍ ദുഃഖങ്ങളാവാം.ജീവിതം ഓരോരുത്തര്‍ക്കും കരുതിവെയ്ക്കുന്നതെന്താവാം...ആ അനിശ്ചിതത്വം തന്നെയാണ് ജീവിതം.പ്രതീക്ഷ കൈവിടാത്തവര്‍ ആനന്ദത്തെ കണ്ടെത്തുന്നു.അല്ലാത്തവര്‍ മരീചിക തേടി മരണം വരെ അലയുന്നു.


  

2011, സെപ്റ്റംബർ 5, തിങ്കളാഴ്‌ച

എന്റെ സരോജിനിച്ചെടി /വര്‍ത്തമാനം സണ്‍‌ഡേ 4/9/2011


പ്രകൃതിയിലാണ് ഓണത്തിന്റെ വരവ് ആദ്യം തിരിച്ചറിയാന്‍ കഴിയുക.ഓരോ പുല്‍ക്കൊടിയിലും പൂവിരിയുന്ന പ്രകാശപൂര്‍ണ്ണമായ ഒരു കാലം.കര്‍ക്കിടക മഴയില്‍ കുതിര്‍ന്ന ഭൂമിയില്‍ എവിടെ നിന്നറിയാതെ വന്നെത്തി നോക്കുന്ന ചിങ്ങവെയിലില്‍ , ഓണക്കാലത്തു മാത്രം കാണുന്ന പൂക്കള്‍.പ്രകൃതിക്ക് ഒരു സവിശേഷഭംഗിയാണ് ഓണക്കാലത്ത്.മഴ മൂടിയ മനസ്സുകളില്‍പ്പോലും പ്രകാശത്തിന്റെ ഒരു പൊന്‍വെയില്‍ ചിന്ത് കടന്നു പോകുന്ന ഒരു കാലമാണത്.
പ്രകൃതിയെ നിരീക്ഷിക്കാന്‍ പഠിപ്പിച്ചതും അതിന്റെ ഭാവമാറ്റങ്ങള്‍ ആദ്യം കാണിച്ചു തന്നതും സരോജിനിയാണ്. ഓണമെന്നാല്‍ പ്രകൃതിയും പ്രകൃതി സരോജിനിയുമാകുമ്പോള്‍ എന്റെ ഓണസ്മൃതികള്‍ സരോജിനിക്കൊപ്പം തൊടികളിലും കുന്നിന്‍ ചെരുവുകളിലും പൂ തേടിയിറങ്ങുന്നു.
സരോജിനി ഞങ്ങളുടെ കൂടെ താമസിക്കാനെത്തുമ്പോള്‍ എനിക്ക് ആറുവയസ്സ്.
ഉമ്മ കഴിഞ്ഞാല്‍ അധികാരത്തോടെ ശാസിക്കാനും ചിലപ്പോള്‍ ഒരടി വച്ചു തരാനും സ്കൂളിലേക്കു കൈപിടിച്ചു കൊണ്ടു പോവാനും ജീവിതത്തിന്റെയും പ്രകൃതിയുടെയും അതുവരെയറിയാത്ത കഥകള്‍ പറഞ്ഞു തരാനും പിന്നെ കുറേ വര്‍ഷങ്ങള്‍ സരോജിനി കൂടെയുണ്ടായിരുന്നു.ഉള്‍നാടന്‍ ഗ്രാമത്തില്‍ നിന്നു വന്ന് പട്ടണജീവിതവുമായി പെട്ടെന്നു പൊരുത്തപ്പെട്ട്, വീട്ടില്‍ സന്ദര്‍ശകരായി വരുന്ന പലതലത്തിലുള്ള ആളുകളുടെയും ബന്ധുക്കളുടെയുമെല്ലാം പ്രശംസക്കു പാത്രമായി,അടുക്കളയില്‍ ഉമ്മയുടെ സഹായിയായി പത്തിരിയും നെയ്ച്ചോറും കലത്തപ്പവുമൊക്കെ ഉണ്ടാക്കാന്‍ പഠിച്ച്,വീട്ടുമുറ്റത്ത് ചെടികള്‍ നട്ടു നനച്ചു വളര്‍ത്തി,അവ കേടുവരുത്തിയാല്‍ അധികാരത്തോടെ ശാസിച്ച്,കോഴികളെ വളര്‍ത്തി,നിരവധി പരിചയങ്ങള്‍ ഉണ്ടാക്കി നിലനിര്‍ത്തിക്കൊണ്ടു പോയി,അങ്ങനെ.....
ഒഴിവു സമയങ്ങളില്‍ സരോജിനി പ്രകൃതിയിലേക്കിറങ്ങുമ്പോള്‍ കൂട്ടിനു ഞാനും പോകും.സരോജിനിക്കറിയാത്ത ചെടികളും മരങ്ങളുമില്ല.ഒരു ചെടിയേയും പാഴ്ചെടിയെന്ന് സരോജിനി പറയില്ല.ഒന്നുകില്‍ ഇല, അല്ലെങ്കില്‍ വേര്,കായ്,പൂവ് എന്തെങ്കിലും ഉപകാരമുണ്ടാകും ഓരോ ചെടിക്കും.(വര്‍ഷങ്ങള്‍ക്കു ശേഷം നാടാകെ ചിക്കുന്‍ ഗുനിയ പടര്‍ന്നു പിടിച്ചപ്പോള്‍,കഠിനവേദനക്കെതിരെ എല്ലാ ഔഷധങ്ങളും പരാജയപ്പെട്ടിടത്ത് കമ്മ്യൂണിസ്റ്റ് പച്ചയെന്ന പാഴ്ചെടി വിജയിച്ചപ്പോള്‍,ഞാന്‍ സരോജിനിയെ ഓര്‍ത്തു)..ചില ചെടികളുടെ വിത്തു വിരിഞ്ഞിറങ്ങുമ്പോഴേ സരോജിനി അതിലുണ്ടാവുന്ന പൂവിന്റെ ഒരു വിവരണം തരും.അങ്ങനെ എത്രയോ കാട്ടു ചെടികള്‍ പൂവിടുന്നതും കാത്തിരുന്നിട്ടുണ്ട്.വേലിയുടെ അതിരില്‍ മിനുത്ത പച്ചയിലകളുള്ള ഒരു ചെടിക്കൂട്ടമുണ്ടായിരുന്നു.അതില്‍ പലവര്‍ണ്ണപ്പൂക്കള്‍ വിരിയുമെന്ന് സരോജിനി പറഞ്ഞതു മുതല്‍ ഞാന്‍ കാത്തിരിപ്പായിരുന്നു.ഒടുവില്‍ ഒരുപാടു കാലം കഴിഞ്ഞ് ലേസു പോലെ വെളുത്ത പൂക്കള്‍ അതില്‍ വിരിഞ്ഞപ്പോഴേക്ക് സരോജിനി വീട്ടില്‍ നിന്നുംപോയിരുന്നു.ഇപ്പോഴും ഞാന്‍ കരുതുന്നത് സരോജിനിക്ക് ചെടി മാറിപ്പോയതാവില്ല,അവിടെ മറ്റേതോ ചെടി വളര്‍ന്നു വന്നതാവും.
അത്തം പിറന്നാല്‍ ഞങ്ങള്‍ പൂതേടിയിറങ്ങും. തൊടിയിലും കുളിര്‍മലയുടെ ചെരിവിലും കുളക്കരയിലുമൊക്കെ പൂതേടിയിറങ്ങുന്ന ഈറന്‍സന്ധ്യകള്‍.അതുവരെ കാണാത്ത കാട്ടു പൂക്കള്‍,കുന്നിമണി കായ്ക്കുന്ന വള്ളിച്ചെടി,അരളിക്കൂട്ടങ്ങള്‍,അനിര്‍വ്വചനീയമായ ഗന്ധങ്ങള്‍...
ഇപ്പോഴും ഓര്‍മ്മയിലുണ്ട് കൃഷ്ണവര്‍ണ്ണപ്പൂങ്കുലകളും തീഷ്ണഗന്ധവുമുള്ള ഒരു കാട്ടു ചെടി.പൂക്കള്‍ക്ക് അത്ര ഭംഗിയില്ലെങ്കില്‍ക്കൂടി,കുന്നിന്‍ചെരിവില്‍ ഒറ്റപ്പെട്ടു നിന്ന ആ ചെടിക്ക് ഒരു വല്ലാത്ത കാനനഭംഗിയുണ്ടായിരുന്നു.ആ ചെടിയേയും എന്തോ പേരു വിളിച്ചു സരോജിനി(ഞാനതിനെ സരോജിനിച്ചെടിയെന്നും)
പൂക്കളെല്ലാം ചേമ്പിലകളില്‍ പൊതിഞ്ഞ് ഉമ്മയുടെ ശകാരങ്ങളിലേക്ക് കൊതുകുകടിയേറ്റ തിണര്‍പ്പന്‍ കാലുകളുമായി ഞങ്ങള്‍ മടങ്ങി വരും.രാവിലെ മുറ്റത്തെ സിമന്റു തറയില്‍ മണ്ണും ചാണകവും മെഴുകി പൂക്കളമിടും.എന്നിട്ടതിന്റെ ഭംഗി കൂട്ടാന്‍ ഒരു പിടി മുക്കുറ്റി,ഒരു കുമ്പിള്‍ തുമ്പപ്പൂ എന്തെങ്കിലും തേടി നടക്കും.
ഓണത്തിനു മാത്രമാണ് സരോജിനി സ്വന്തം വീട്ടില്‍ പോവുക.ചെറുപ്പത്തിലേ അമ്മ മരിച്ചു.ചെറിയമ്മ വന്നതോടെ പഠിത്തവും നിലച്ചു.നന്നായി പഠിക്കുമായിരുന്നു.പുസ്തകങ്ങള്‍ കയ്യില്‍ കിട്ടിയതെന്തും വായിക്കും.മീന്‍ പൊതിഞ്ഞു വരുന്ന കടലാസുപോലും സ്വയം മറന്നു വായിക്കുന്നത് പലപ്പോഴും കണ്ടിട്ടുണ്ട്.രാത്രികളില്‍ റേഡിയോ തുറന്നു വച്ച് ഗാനതരംഗിണിയും നാടകവും വിടാതെ കേള്‍ക്കും.ആ രാത്രികളിലാണ് യേശുദാസും കൃഷ്ണചന്ദ്രനും,ശ്യാമും ജോണ്‍സണുമൊക്കെ ഞങ്ങള്‍ക്കു പ്രിയപ്പെട്ട ആരൊക്കെയോ ആയിത്തീര്‍ന്നത്.
ഓണത്തിനു സരോജിനിയെക്കൊണ്ടു പോവാന്‍ അച്ഛന്‍ വരുന്നതോടെ എന്റെ ഓണം പൊലിമയില്ലാതായിത്തീരും.സരോജിനിയുടെ ഗ്രാമത്തിലെ ഓണത്തെപ്പറ്റി ഞാന്‍ ദിവാസ്വപ്നങ്ങള്‍ കാണും.പാലട പ്രഥമന്‍, പഴം നുറുക്ക്,കുട്ടിയും കോലും,തുമ്പിതുള്ളല്‍,ഊഞ്ഞാലാട്ടം അതൊക്കെ ഭാവനയില്‍ കാണുകയല്ലാതെ എനിക്ക് വേറൊന്നും ചെയ്യാനില്ലായിരുന്നു.
പെരുന്നാളിന് ഈ രസങ്ങളൊന്നും ഇല്ലല്ലോ എന്നോര്‍ത്ത് ഞാന്‍ വ്യാകുലപ്പെടും.
തിരിച്ചു വരുമ്പോള്‍ സരോജിനി എന്തെങ്കിലും കൊണ്ടു വരാതിരിക്കില്ല.ഒരിക്കല്‍ പുന്നെല്ലിന്റെ അവില്‍-അത്ര രുചിയുള്ള അവില്‍ പിന്നെ ഒരിക്കലും കഴിച്ചിട്ടില്ല-ചിലപ്പോള്‍ പലതരം ചെടികള്‍--തവിട്ടു നിറച്ചെമ്പരുത്തിയും വാടാമല്ലിയും ആദ്യം കാണുന്നത് സരോജിനികൊണ്ടു വന്നപ്പോഴാണ്.
സരോജിനിക്ക് ഒരു പെട്ടിയുണ്ടായിരുന്നു.വസ്ത്രങ്ങളും മാലയും വളയുമൊക്കെ സൂക്ഷിക്കാനുള്ള ഒരു ചെറിയ പെട്ടി.ഒരിക്കല്‍ അതിനകത്ത് സ്വന്തം ജീവിതത്തെക്കുറിച്ച് ഒരു കുറിപ്പ് എഴുതിവച്ചത് വായിക്കാനിടയായി.അസുഖബാധിതയായ അമ്മയുടെ മരണം കണ്ടത്,അച്ഛന്റെ നിസ്സഹായത,രണ്ടാനമ്മയുടെ വരവ്,സഹോദരന്മാരില്ലാത്ത വിഷമം, പഠിത്തം മുഴുമിപ്പിക്കാന്‍ കഴിയാത്തതിന്റെ വേദന....പത്തോ പന്ത്രണ്ടോ വയസ്സില്‍ സരോജിനി അനുഭവിച്ചതെന്തെല്ലാം...അന്നതു വായിച്ചപ്പോള്‍ കുട്ടിയായ എനിക്ക് വിഷമം തോന്നിയെങ്കിലും പിന്നീടാലോചിക്കുമ്പോഴാണ് ആ സങ്കടത്തിന്റെ ആഴം മനസ്സിനാക്കാനാവുന്നത്.
നാടും വീടും സഹോദരിമാരെയുമൊക്കെ വിട്ട് മറ്റൊരു കുടുംബത്തിന്റെ ഭാഗമാവുമ്പോള്‍ എത്രമാത്രം വേദനിച്ചിരിക്കണം ഒരു കൌമാരക്കാരിപ്പെണ്‍കുട്ടിയുടെ മനസ്സ്..ആ നഷ്ടബോധങ്ങളെ മറികടക്കാനായിരുന്നുവോ സരോജിനി, പ്രകൃതിയെന്ന അമ്മയുടെ മാറിലേക്കിറങ്ങിയത്...
സരോജിനിക്കൊപ്പം നടന്ന് ഞാനും പ്രകൃതിയുടെ ആരാധികയായി.ഒരു പുല്‍മേട്,കിളിയൊച്ച,വെയില്‍ നാളം-ഹൃദയത്തിന്റെ തമോഗര്‍ത്തങ്ങളില്‍ പ്രകാശരേണുവായി അവയെല്ലാം.
പുല്‍പ്പടര്‍പ്പില്‍ ഇളം മഞ്ഞപ്പൂക്കള്‍ പരവതാനി നെയ്തതു കണ്ടപ്പോള്‍,ദശപുഷ്പങ്ങളെ തൊട്ടറിഞ്ഞപ്പോള്‍,പുസ്തകത്താളില്‍ മാത്രം കണ്ട ഇലമുളച്ചിയെ തിരിച്ചറിഞ്ഞപ്പോള്‍ ,രണ്ടു തരം വെള്ളരിത്തണ്ടുകള്‍ മതിലില്‍ നിന്നു കിട്ടിയപ്പോള്‍ തോന്നിയ അത്ഭുതാനന്ദവിസ്മയചിത്രങ്ങള്‍..എല്ലാം ഒരുപാടു ദൂരത്തേക്കു പോയിരിക്കുന്നു.എങ്കിലും എല്ലാം പ്രകൃതിയും ഔഷധങ്ങളുമായിരുന്നു.
മുറ്റത്ത് ആര്‍ത്തു വളരുന്ന മുത്തങ്ങപ്പുല്ലിലും കറുകവേരിലും ജീവൌഷധങ്ങളുണ്ടെന്ന തിരിച്ചറിവ്-അത് പ്രകൃതിയെ തൊട്ടറിയല്‍ കൂടിയായിരുന്നു.
വര്‍ഷങ്ങള്‍ കുത്തിയൊലിച്ചു പോയിരിക്കുന്നു.സരോജിനി കുടുംബിനിയായി അമ്മയും അമ്മൂമ്മയുമായിക്കഴിയുന്നു.ഓണവും ഒരുപാടു മാറിപ്പോയി.ഓണം വരുമ്പോഴും പ്രകൃതിക്ക് കണ്ണീരുണങ്ങുന്നില്ല.വയലുകള്‍ നികത്തി ഫ്ലാറ്റുകള്‍ പണിത്,ഓണാഘോഷമെന്ന പേരില്‍ മദ്യവിപണി കൊഴുപ്പിച്ച്,ഇന്‍സ്റ്റന്റ് സദ്യകള്‍ മേശയില്‍ നിരത്തി വെയ്ക്കുമ്പോള്‍ പ്രകൃതിക്ക് എങ്ങനെ ചിരിക്കാന്‍ കഴിയും?
പെരുമഴയായിരുന്നു കഴിഞ്ഞ രണ്ട് ഓണക്കാലത്തും.പൂക്കളെല്ലാം നനഞ്ഞു കുതിര്‍ന്ന് വെള്ളത്തില്‍ മുങ്ങിക്കിടക്കുമ്പോള്‍.ടി വി യിലെ മടുപ്പിക്കുന്ന ശബ്ദകോലാഹലങ്ങള്‍ക്കിടിയില്‍ മഹാബലി വന്നത് ആരുമറിഞ്ഞതേയില്ല.
അന്ന്,ഉത്രാടസായാഹ്നത്തില്‍ എന്തിനെന്നറിയാതെ ധൃതി കൂട്ടുന്ന ആളുകള്‍ക്കിടയിലൂടെ നടന്നു വരുമ്പോള്‍ ഏതോ തെന്നിന്ത്യന്‍ നടിയുടെ സെറ്റുമുണ്ടുടുത്ത കൂറ്റന്‍ ഫ്ലക്സ് ബോര്‍ഡിനു താഴെ വിഷണ്ണതയോടെയിരുന്ന് മഹാബലി പറഞ്ഞു,ഓണമല്ലേ,ഒന്നു വന്നു പോവണ്ടേ എനിക്കും....
ഈ തിരക്കുകളെല്ലാം തീര്‍ന്ന് സാധാരണജീവിതത്തിലേക്ക് ഒന്നു വേഗം തിരിച്ചുപോകാന്‍ കഴിയണേ എന്നാഗ്രഹിച്ച് മഴ നനഞ്ഞ വഴിയിലൂടെ തിരിച്ചു പോരുമ്പോള്‍ കാര്‍മുകില്‍ വര്‍ണ്ണപ്പൂക്കള്‍ ചൂടി മഴ നനയുകയായിരിക്കുമോ കുന്നിന്‍ചെരിവിലെ എന്റെ സരോജിനിച്ചെടി എന്ന് ഒരു വേള ഞാന്‍ ഓര്‍ത്തു.