2017, ഒക്‌ടോബർ 31, ചൊവ്വാഴ്ച

interview Sheeba EK/Resmi G CHINTHA PUSTHAKA VARTHA

       എഴുത്തുകാര്‍ ഓരോ കാലത്തിന്റെയും ചരിത്രകാരന്‍മാര്‍ കൂടിയാണ്      
      


1.അഞ്ച്  നോവലെറ്റുകളുടെ സമാഹാരമായ വസന്തത്തില്‍ തരിശാകുന്ന പൂമരം.വ്യത്യസ്തമായ 5 പ്രമേയങ്ങള്‍-അവയിലേക്കു സഞ്ചരിച്ചത് എങ്ങിനെയാണ്?
വിവിധ കാലങ്ങളില്‍ എഴുതിയതാണ് അഞ്ചു പ്രമേയങ്ങളും.ഋതുമര്‍മ്മരങ്ങള്‍ ആദ്യമായി എഴുതിയ നോവലെറ്റാണ്.കൗമാരത്തിന്റെ അവസാനഘട്ടത്തിലെഴുതിയതാണത്.പെണ്‍മനസ്സിന്റെ   കാല്‍പ്പനികതകളും അപക്വതകളും വിഹ്വലതകളുമെല്ലാം അതിലുണ്ട്.അവന്തികയില്‍ ഏകാന്തതയാണ് കടന്നു വരുന്നത്.ഒരേ നഗരത്തില്‍ മുഖം നഷ്ടപ്പെട്ടു ജീവിക്കുന്നവരാണ് അതിലെ കഥാപാത്രങ്ങള്‍.കലാപത്തിന്റെ കാലുഷ്യങ്ങളും ഒറ്റപ്പെടലുമെല്ലാം ചേര്‍ന്നതാണത്്.ചിന്മയിയുടെ വീടാവട്ടെ, സ്വത്വം തേടുന്ന സ്ത്രീയുടെ കഥയാണ്.ഓരോ പുരുഷന്റെയുള്ളിലും തന്റേതായ ഇടം അന്വേഷിക്കുന്നവളാണ് അതിലെ സ്ത്രീ കഥാപാത്രങ്ങള്‍.നിഴല്‍ മാഞ്ഞു തെളിയുന്ന വെയിലിനെ സ്വന്തമാക്കാനാഗ്രഹിക്കുന്നവരാണ്  ചിന്മയിയും ഗീതയും. അതിനുവേണ്ടി പൊരുതുന്നവരാണ് .വസന്തത്തില്‍ തരിശാകുന്ന പൂമരം തമിഴ് പശ്ചാത്തലത്തിലെഴുതിയ കഥയാണ്.മധ്യവയസ്സിലേക്കടുക്കുന്ന സ്ത്രീമനസ്സിന്റെ പ്രകമ്പനങ്ങളാണ് അതില്‍.എല്ലാം തികഞ്ഞിരിക്കുമ്പോഴും അസ്വസ്ഥയാവുന്ന പെണ്‍മനസ്സിന്റെ താപം. പ്രണയതാപത്താല്‍ എരിയുമ്പോഴും പെയ്തു നിറയാനെത്തുന്ന നീലമേഘത്തില്‍ നിന്ന് വിടുതല്‍ നേടാനാഗ്രഹിക്കുന്ന പെണ്‍മനസ്സ് എന്ന മരീചിക.പ്രണയം മരണമായിത്തീരുന്ന അവസ്ഥ.ജലായനം മണ്ണിന്റെയും മനുഷ്യന്റെയും കഥയാണ്.മനുഷ്യന്റെ ചെയ്തികള്‍ പ്രകൃതിയെ എങ്ങനെയൊക്കെയാണ് നാശോന്മുഖമാക്കുന്നത്.?ചെയ്തു കൂട്ടുന്നവരല്ല അതിന്റെ കെടുതികള്‍ അനുഭവിക്കുന്നത്.മറിച്ച് മണ്ണിനെയും പ്രകൃതിയെയും സ്‌നേഹിക്കുന്ന,അതിന്മേല്‍ ഉപജിവനം കഴിക്കുന്നവരെയാണ് അത് കൊല്ലാക്കൊല ചെയ്യുന്നത്.കഴിഞ്ഞ വേനലില്‍ മഹാരാഷ്ട്രയിലും മറ്റും അനുഭവിച്ച വരള്‍ച്ച നമ്മള്‍ കണ്ടതാണ്.കേരളത്തിലും സ്ഥിതി വളരെ രൂക്ഷമായിരുന്നു.ഒരു വേനല്‍ക്കാലത്ത് മഹാരാഷ്ട്രയിലൂടെ സഞ്ചരിച്ചപ്പോള്‍ ശ്രദ്ധയില്‍പ്പെട്ടതാണ് അവിടുത്തെ വരണ്ട ഭൂപ്രകൃതി.ലാത്തൂരിലേക്കും മറ്റും ശൂദ്ധജലവിതരണം നടത്തുന്ന സന്നദ്ധസംഘടയില്‍ പ്രവര്‍ത്തിക്കുന്നവരും ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്.ഇനി വരുന്ന യുദ്ധം ജലത്തിനു വേണ്ടിയായിരിക്കുമെന്ന മുന്നറിയിപ്പ് കഥയിലൂടെ ഒന്നോര്‍മ്മിപ്പിക്കാന്‍ ശ്രമിച്ചു എന്നു മാത്രം.
2.സമകാലിക സംഭവങ്ങളെ സാഹിത്യരചനയ്ക്കായി ആധാരപ്പെടുത്തുകയെന്നത് വര്‍ത്തമാനകാല എഴുത്തുകാരുടെ ഇടയില്‍ കണ്ടുവരുന്ന പ്രവണതയാണ്.ഇത്തരം ഒരു സമീപനത്തിനു കാരണം.?വിഭവദാരിദ്ര്യമാണോ,അതോ പുതിയ കാലത്തോടുള്ള പ്രതികരണമാണോ അത്തരമൊരു വഴിയിലേക്കു നയിക്കുന്നത്?

എഴുതാനായി വിഷയങ്ങള്‍ അന്വേഷിച്ചു പോകാറില്ല.വിഷയങ്ങള്‍ മനസ്സിലേക്കു കയറി വരുമ്പോള്‍ മാത്രം എഴുതുക എന്നതാണ് ശീലം.അതുകൊണ്ടു തന്നെ ഇന്ന വിഷയത്തെ ആധാരമാക്കി ഒരു കഥ എഴുതണം എന്നു പറഞ്ഞാല്‍ നിവൃത്തിയില്ല എന്നു പറഞ്ഞൊഴിയാനേ കഴിയൂ.വായിച്ചു പഴകിക്കഴിഞ്ഞ ഒരു കാര്യത്തെക്കുറിച്ച് വീണ്ടും എഴുതാനാവില്ല.അതു കൊണ്ടു തന്നെ താല്‍പര്യമുള്ള വിഷയമാണെങ്കില്‍പ്പോലും നമ്മുടേതായി പ്രത്യേകിച്ച് ഒന്നും നല്‍കാനില്ല എന്നു തോന്നിക്കഴിഞ്ഞാല്‍പ്പിന്നെ അതുമായി മുന്നോട്ടു പോകാറില്ല.ഓരോ കാലത്തിന്റെയും ചരിത്രകാരന്‍മാര്‍ കൂടിയാണ്  എഴുത്തുകാര്‍ . ജീവിക്കുന്ന കാലഘട്ടത്തിന്റെ സാമൂഹിക-രാഷ്ട്രീയ അവസ്ഥകള്‍ അവരുടെ എഴുത്തില്‍ തീര്‍ച്ചയായും പ്രതിഫലിക്കും.ചരിത്രവും ഭാവനയുമല്ലാതെ സമകാലികസംഭവങ്ങളെക്കുറിച്ചും അന്വേഷിക്കുക എന്നത് എഴുത്തുകാരന്റെ ബാധ്യതയല്ലേ.?ഇത് വര്‍ത്തമാന കാലത്തെ എഴുത്തുകാര്‍ക്കിടയില്‍ മാത്രം സംഭവിക്കുന്ന പ്രവണതയൊന്നുമല്ല.എല്ലാക്കാലത്തും സമകാലിക സംഭവങ്ങളിലൂടെ എഴുത്തുകാര്‍ കടന്നുപോയിട്ടുണ്ട്.വിഭജനകാലത്തെ കഥകള്‍ എന്ന പുസ്തകം വായിച്ചു നോക്കുമ്പോള്‍ അറിയാം ഒരേ സംഭവവികാസങ്ങളെ വിവിധ ഭാഷക്കാരും ജാതിമതക്കാരുമായ എഴുത്തുകാര്‍ എത്ര തീവ്രമായി ആവിഷ്‌കരിച്ചിട്ടണ്ടെന്ന്.ഇന്ത്യാ വിഭജനത്തിന്റെ മുറിവുകളെക്കുറിച്ച് പഠിക്കാന്‍ ആഗ്രഹിക്കുന്ന ഏതൊരാള്‍ക്കും ഈ പുസ്തകം വായിക്കാന്‍ കൊടുത്താല്‍ മതിയാവും.അത്രയ്ക്ക് തീവ്രമായാണ് ആ മുറിവുകളുടെ വിങ്ങല്‍ അവരെല്ലാം ആവിഷ്‌കരിച്ചിരിക്കുന്നത്.അതൊന്നും വിഷയദാരിദ്ര്യം കൊണ്ടായിരുന്നില്ല.മറിച്ച് ചുറ്റും നടക്കുന്ന സംഭവങ്ങളോട് തങ്ങളുടെ പ്രതികരണവും പ്രതിഷേധവും രേഖപ്പെടുത്തുകയായിരുന്നു  രചനകളിലൂടെ അവര്‍ നിര്‍വ്വഹിച്ചത്.ഇന്നും എഴുത്തുകാര്‍ ചെയ്യുന്നത് അതു തന്നെ.
3.ജലായനം എന്ന നോവലെറ്റ് വരള്‍ച്ചയുടെ ദുരന്തമുഖത്തെ ആവിഷ്‌കരിക്കുന്നു.പാരിസ്ഥിതിക രാഷ്ട്രീയം ആഗോളതലത്തില്‍ വലിയ ചര്‍ച്ചകള്‍ സൃഷ്ടിക്കുമ്പോഴും കേരളത്തില്‍ സാഹിത്യപഠനങ്ങളിലൂടെ അവ വേണ്ടത്ര വിശകലനം ചെയ്യപ്പെടുന്നില്ല.പരിസ്ഥിതി സാഹിത്യത്തിനു കമ്പോള സാധ്യതകള്‍ ഇല്ലാത്തതാണോ അതിനു കാരണം?
പ്രകൃതി ദുരന്തങ്ങളോ വരള്‍ച്ചയോ പകര്‍ച്ചവ്യാധികളോ വെള്ളപ്പൊക്കമോ കാലാവസ്ഥാവ്യതിയാനങ്ങളോ ഒരിക്കലും രൂക്ഷമായി അനുഭവിച്ചിട്ടില്ലാത്തവരാണ് കേരളീയര്‍.അതുകൊണ്ടു തന്നെ പ്രകൃതി നശീകരണം,മലിനീകരണം,രോഗബാധ,പ്രകൃതി ദുരന്തങ്ങള്‍ എന്നിവയെക്കുറിച്ച് ആരെങ്കിലും സംസാരിക്കുകയാണെങ്കില്‍ പരിഹാസരൂപേണ തള്ളുകയോ ഇതൊന്നും എന്നെ ബാധിക്കില്ല എന്ന് മനസ്സു കൊണ്ടെങ്കിലും അഹങ്കരിക്കുകയോ ചെയ്യുന്നവരാണ്.കഴിഞ്ഞ വര്‍ഷത്തെ വരള്‍ച്ച അനുഭവിച്ചപ്പോഴാണ് ചിലര്‍ക്കെങ്കിലും ഇതിനെക്കുറിച്ച് ചെറിയ ആശങ്ക തോന്നിയത്.പാരിസ്ഥിതിക രാഷ്ട്രീയം ആഗോളതലത്തില്‍ ചര്‍ച്ചയായിത്തീരുന്നത് അതിന്റെ കെടുതികള്‍ അനുഭവിച്ചറിഞ്ഞതിനാലും ഗൗരവം തിരിച്ചറിഞ്ഞതിനാലുമാണ്.നിര്‍ഭാഗ്യവശാല്‍ നമ്മളിപ്പോഴും കെട്ടിടങ്ങള്‍ ആകാശത്തേക്കു പടുത്തുയര്‍ത്തുന്നു,ജലത്തിന്റെയും വായുവിന്റെയും സ്വാഭാവിക പാതകള്‍ക്കു കുറുകെ അണ കെട്ടി തടയിടുന്നു.ഫാസ്റ്റ് ഫൂഡ് കഴിച്ച്   ആധുനികരാവാന്‍ ശ്രമിക്കുന്നു.പ്ലാസ്റ്റിക്കും മാലിന്യങ്ങളും പൊതുവിടങ്ങളില്‍ ഉപേക്ഷിക്കുന്നു..സുനാമിയാണ് മലയാളി സമീപകാലത്തു കണ്ട ഏക ദൂരന്തം.അതാവട്ടെ ചെറിയ ഒരു ഭൂവിഭാഗത്തെ മാത്രമേ ബാധിച്ചിട്ടുള്ളൂ.അതിന്റെ രൂക്ഷതയറിഞ്ഞവര്‍ വിരളമാണ്.കച്ചിലെയും ലാത്തൂരിലേയും ഭൂകമ്പങ്ങള്‍,ഒറീസ്സയിലേയും അസമിലെയും വെള്ളപ്പൊക്കം ,മഹാരാഷ്ട്രയിലെ വരള്‍ച്ച ,അമര്‍നാഥിലെയും പരിസരപ്രദേശങ്ങളിലെയും മഞ്ഞുരുകിയുണ്ടായ പ്രളയം ഇതെല്ലാം മലയാളി ടി വി യിലും വാട്‌സ് ആപിലും കണ്ട് ആസ്വദിക്കുന്ന കാഴ്ചകള്‍ മാത്രം.അതു കൊണ്ടു തന്നെയാവാം പാരിസ്ഥിതിക രാഷ്ട്രീയം സാഹിത്യത്തില്‍ വലുതായി കടന്നു വരാത്തതും.എങ്കിലും പാരിസ്ഥിതിക രാഷ്ട്രീയം പ്രമേയമാക്കി രചനകള്‍ ഉണ്ടാവുന്നുണ്ട്.  ഇവരൊന്നും അതിന്റെ കമ്പോള സാധ്യതകള്‍ നോക്കിയല്ല എഴുതുന്നത്.അവരുടെ ആശങ്കകളില്‍ നിന്നാണ് ഇത്തരം സാഹിത്യം വരുന്നത്. കേരളത്തില്‍ എപ്പൊഴെല്ലാം പ്രകൃതിക്കു വേണ്ടിയുള്ള മുറവിളികള്‍ ഉണ്ടായിട്ടുണ്ട് അപ്പോഴെല്ലാം രാഷ്ട്രീയവും വന്‍കിടമാഫിയകളും അവയ്‌ക്കെതിരെ രംഗത്തു വന്നിട്ടുമുണ്ട്. കൃതികള്‍ വേണ്ടത്ര വിശകലനം ചെയ്യപ്പെടാതെ പോകുന്നത് അത്തരം ഇടപെടലുകള്‍ കൊണ്ടു കൂടിയാവാം.ജനങ്ങള്‍ക്കിടയില്‍ അത്തരം കൃതികള്‍ പ്രചരിക്കുകയും അതിന്റെ അപകടങ്ങളെക്കുറിച്ച് അവര്‍ ബോധവാന്‍മാരുകയും ചെയ്താല്‍ ബുദ്ധിമുട്ടാവും എന്നു കരുതിയുമാവാം  പാരിസ്ഥിതിക രാഷ്ട്രീയം പ്രമേയമാക്കിയ കൃതികള്‍ ആഘോഷിക്കപ്പെടാത്തത്..
4.എഴുത്ത് സര്‍ഗ്ഗാത്മക പ്രവര്‍ത്തനത്തേക്കാളുപരി രാഷ്ട്രീയ ഇടപെടല്‍ കൂടിയാണ്.എഴുത്തുകാരി എന്ന നിലയില്‍ താങ്കളുടെ നിലപാടുകള്‍ എന്തൊക്കെയാണ്.

സമൂഹത്തോടുള്ള ചോദ്യങ്ങളാണ് എനിക്ക് എഴുത്ത്..നിലപാടുകളും ആശങ്കകളും ആശയങ്ങളും ചുറ്റുമുള്ള ലോകത്തോടു പങ്കിടലാണ് അത്.ചുറ്റും നടക്കുന്ന അനീതികള്‍ക്കെതിരെ നിശ്ശബ്ദമായെങ്കിലും കലഹിക്കാറുണ്ട്.കുട്ടിക്കാലം മുതല്‍ ശരിയല്ല എന്നു തോന്നിയ കാര്യങ്ങളെക്കുറിച്ച് ചോദ്യം ചോദിക്കാനുള്ള ത്വര ഉള്ളിലുണ്ടായിരുന്നു.അക്കാര്യത്തില്‍ ഉപ്പയായിരുന്നു എന്റെ   റോള്‍ മോഡല്‍.എത്ര വലിയ സൗഹൃദമാണെങ്കിലും ,ശരിയല്ല എന്ന് തോന്നിയ കാര്യം ഒരാള്‍ ചെയ്താല്‍ അതു തുറന്നു പറഞ്ഞാലേ അദ്ദേഹം തൃപ്തിപ്പെട്ടിരുന്നുള്ളൂ.പലര്‍ക്കും ഇക്കാര്യത്തില്‍ നീരസം തോന്നിയിട്ടുണ്ട്.കൂട്ടിക്കാലം മുതല്‍ മുതിര്‍ന്നവരാണെങ്കിലും ചെയ്തത് നീതിയുക്തമല്ല എന്നു കണ്ടാല്‍ സൗമ്യമായി തുറന്നു പറയുമായിരുന്നു.അല്ലാതെ ഇതാണ് വ്യവസ്ഥിതി ഇതിനോട് അന്ധമായി യോജിച്ചങ്ങു പോകാം എന്നു കരുതിയിരിക്കാനായിട്ടില്ല. പഠന-ജോലി തീരുമാനങ്ങളിലും വേഷത്തിലും കാഴ്ചപ്പാടിലുമെല്ലാം വ്യവസ്ഥിതിക്കനുസരിച്ചു പോകാന്‍ സമ്മര്‍ദ്ദങ്ങളുണ്ടായിട്ടുണ്ട്.പ്രതിലോമമായ ധാരാളം ഇടപെടലുകള്‍ എല്ലാ ഭാഗത്തു നിന്നും ഉണ്ടായിട്ടുണ്ട്.ഒഴുക്കിനെതിരെ നീന്താന്‍ ശ്രമിക്കുന്നവര്‍ക്ക്  ഏറെ പരുക്കേല്‍ക്കുക സ്വാഭാവികം.അക്കാലങ്ങളില്‍ നീരസം തോന്നിയിട്ടുള്ളവര്‍ക്കും പില്‍ക്കാലങ്ങളില്‍ നമ്മുടെ ശരികളോട് യോജിക്കാനായി എന്നത് സന്തോഷകരമായ കാര്യമാണ്.വ്യവസ്ഥിതിക്കനുസരിച്ചു പോയിരുന്നെങ്കില്‍ ഒരിക്കലും ഉയര്‍ന്ന വിദ്യാഭ്യാസമോ ജോലിയോ സാമ്പത്തിക സുരക്ഷിതത്വമോ എഴുത്തുകാരി എന്ന സ്വത്വമോ ഉണ്ടാവില്ലായിരുന്നു.ചുറ്റും നടക്കുന്ന അലസമായ വ്യവസ്ഥക്കനുസരിച്ച് അങ്ങനെയങ്ങു പോയിക്കളയാം എന്ന് ഇപ്പോഴും തോന്നാറില്ല.വീട്ടിലാണെങ്കിലും തൊഴിലിടങ്ങളിലായാലും കൂടുതല്‍ നമുക്കെന്തു ചെയ്യാനാവും എന്ന് അന്വേഷിക്കാറുണ്ട്.മറ്റൂള്ളവര്‍ക്കു കൂടി ഉപകരിക്കുന്ന രീതിയില്‍ പരമാവധി കാര്യങ്ങള്‍ തീര്‍പ്പാക്കാനാവുമോ എന്ന് പരിശോധിക്കാറുണ്ട്.
തീര്‍ച്ചയായും സര്‍ഗ്ഗാത്മകപ്രവര്‍ത്തനമെന്ന നിലയിലല്ല എഴുതാന്‍ തുടങ്ങിയത്.ഉള്ളില്‍ അടക്കിപ്പിടിച്ചിരുന്ന കുറേയേറെ കാര്യങ്ങള്‍ പരമാവധിയുച്ചത്തില്‍ പുറംലോകത്തോടു വിളിച്ചു പറയാന്‍ അന്തര്‍മുഖിയായ ഒരു പെണ്‍കുട്ടി തിരഞ്ഞെടുത്ത വഴിയായിരുന്നു അത് എന്നു പറയാം.ജീവിതത്തിന്റെ ആ പ്രത്യേക ഘട്ടത്തില്‍ എഴുതിയില്ലായിരുന്നെങ്കില്‍  തീര്‍ച്ചയായും ഉന്മാദത്തിലേക്കോ മരണത്തിലേക്കോ ഇറങ്ങിപ്പോകുമായിരുന്നു ഞാന്‍.
5.ദുനിയ പോലൊരു നോവല്‍ കൃത്യമായ രാഷ്ട്രീയതലങ്ങളെ  ആഖ്യാനം നിര്‍വ്വഹിച്ച നോവലാണ്.മഞ്ഞനദികളുടെ സൂര്യന്‍ എത്തുമ്പോള്‍ എഴുത്തുജീവിതത്തിലുണ്ടായ മാറ്റങ്ങള്‍ എന്തൊക്കെയാണ്.
ദുനിയ ഒരു പ്രത്യേക അവസ്ഥയില്‍ എന്നിലേക്കെത്തിയ വിഷയമാണ്.ഗുജറാത്ത് കലാപത്തിനു മുമ്പേ എഴുത്തിത്തുടങ്ങി പാതി വഴിയില്‍ നിര്‍ത്തി വച്ചതായിരുന്നു ആ നോവല്‍.പിന്നീട്, സ്വതന്ത്ര്യ ഇന്ത്യ അഭിമൂഖീകരിച്ച തീവ്രമായ വേദന നിറഞ്ഞ ആ കാലഘട്ടത്തിലൂടെ കടന്നു പോകുക കൂടി ചെയ്തപ്പോള്‍ അതിന്റെ കൈവഴികള്‍ കൂടുതല്‍ തെളിഞ്ഞു വരികയായിരുന്നു.2013 ലാണ് ദുനിയ പ്രസിദ്ധീകരിച്ചത്.ഇന്നാണ് അത് എഴുതിയിരുന്നതെങ്കില്‍ കുറച്ചു കൂടി കാലുഷ്യം നിറഞ്ഞ ഭാഷയിലായിരിക്കുമെന്നു തോന്നാറുണ്ട്.  അതെഴുതുമ്പോളുണ്ടായിരുന്ന തെളിമ എന്റെ മനസ്സിന് നഷ്ടമായിരിക്കുന്നു.ഒരിക്കലും എന്റെ രാജ്യം എങ്ങിനെയാവരുതെന്ന് ആഗ്രഹിച്ചിരുന്നുവോ അതേ വഴികളിലൂടെയാണ്  യാത്ര ചെയ്തു കൊണ്ടിരിക്കുന്നത് എന്ന ഭയം ചിന്തകളെ കലുഷമാക്കിക്കഴിഞ്ഞിരിക്കുന്നു.ദൂനിയ എഴുതുമ്പോളൊന്നും ഇത്തരമൊരു ദുരവസ്ഥ ഈ രാജ്യത്തിനുണ്ടാവുമെന്ന് വിചാരിച്ചിട്ടേയില്ല.അതുകൊണ്ടു തന്നെ തികഞ്ഞ നൈര്‍മല്യത്തോടെ ദുനിയയെ ചിത്രീകരിക്കാന്‍ കഴിഞ്ഞു.
മഞ്ഞനദികളുടെ സൂര്യന്‍ 2017 ആഗസ്റ്റിലാണ് പുറത്തിറങ്ങുന്നത്.കുട്ടിക്കാലം മുതലേ എന്റെയുള്ളിലുണ്ടായിരുന്നിരിക്കണം ഈ വിഷയം.അടിയന്തിരാവസ്ഥക്കാലത്തായിരുന്നു എന്റെ ജനനം. ഭരണകൂടഭീകരതയെക്കുറിച്ചുള്ള കഥകള്‍ കേട്ടാണ് വളര്‍ന്നത്.അതൊടൊപ്പം തന്നെ നക്‌സലൈറ്റുകളെക്കുറിച്ചും അക്കാലങ്ങളില്‍ ധാരാളം കേട്ടറിഞ്ഞു.അല്പം ചിന്തയും വിദ്യാഭ്യാസവുമുള്ള രണ്ടുപേര്‍ കൂടിയാലുടന്‍ രാജ്യത്തു നടക്കുന്ന അന്യായങ്ങളേയും അതിനെതിരെ പോരാടാനിറങ്ങിയ ഒരുകൂട്ടമാളുകളെയും കുറിച്ച് അടക്കിപ്പിടിച്ചു പറയുന്നത് കളികള്‍ക്കിടയില്‍ കേട്ടിരിക്കാന്‍ അന്ന് ഭീതി കലര്‍ന്ന ഒരു ആനന്ദമായിരുന്നു.വളര്‍ച്ചയുടെ ഓരോ ഘട്ടങ്ങളിലും വായനയും ചിന്തയുമുള്ള,എന്നെ മനസ്സിലാക്കുന്ന,എന്റെ ഭ്രാന്തുകളെ തിരിച്ചറിയുന്ന അപൂര്‍വ്വം ചിലരെ കണ്ടുമുട്ടി.അദ്ധ്യാപകരായി,സുഹൃത്തുക്കളായി ,എഴുത്തുകാരായി ജീവിതത്തിന്റെ ഓരോ ദശകളിലും അവരുണ്ടായിരുന്നു.വസന്തത്തിന്റെ ഇടിമുഴക്കം കാത്തിരുന്നതിന്റെ നിരാശയായിരുന്നു അവരില്‍പ്പലരേയും നിതാന്ത ദുഃഖിതരാക്കിയത് എന്ന് പിന്നീട് തിരിച്ചറിയാനായി.കാലം കൂടുതല്‍ കലുഷമാവുകയും രക്ഷകന്റെ വരവ് നീണ്ടുപോവുകയും ചെയ്യുന്ന നിരാശാഭരിതമായ അവസ്ഥയില്‍ കണ്ടുമുട്ടിയ ചിലരുടെ അനുഭവങ്ങളും പ്രതീക്ഷകളും രേഖപ്പെടുത്തേണ്ടത് എന്റെ കൂടി കടമയാണെന്ന തോന്നലില്‍ നിന്നാണ് മഞ്ഞനദികളുടെ സൂര്യന്‍ പിറന്നത്.ഉത്തരകേരളത്തിലുണ്ടായ മാവോയിസ്റ്റ് അക്രമങ്ങളും കൊലപാതകങ്ങളുമെല്ലാം രചനയ്ക്ക് പ്രചോദനമായി.പൂര്‍ണ്ണമായും ഇത് ഒരു നക്‌സല്‍ കഥയല്ല.പ്രണയവും വിരഹവും സ്ത്രീയവസ്ഥകളും പുതുകാലത്തിന്റെ മാനസികസഞ്ചാരവുമെല്ലാം  ചേര്‍ന്നതാണ്.ദുനിയയില്‍ നിന്ന് മഞ്ഞനദികളിലേക്കെത്തുമ്പോള്‍ ചിന്തകള്‍ കൂടുതല്‍ കലുഷമായി,ആശങ്കകള്‍ പ്രതീക്ഷകളെ മറികടക്കാന്‍ ശ്രമിക്കുന്നു എന്നിങ്ങനെയുള്ള ആധികള്‍ ബാക്കിയാവുന്നു.
6.സാമൂദായിക അടിസ്ഥാനത്തില്‍ എഴുത്തുകാരികളെ വിലയിരുത്തുകയും അതുവഴി പുരസ്‌കാരങ്ങള്‍ നല്‍കുകയോ തിരസ്‌കരിക്കുകയോ ചെയ്യുന്ന ഫാസിസ്റ്റു കാലത്താണ് നമ്മള്‍ ജീവിക്കുന്നത്.എഴുത്തുകാരിയെന്ന നിലയില്‍ നേരിയേണ്ടി വന്ന വെല്ലുവിളികള്‍.
സാമൂദായികാടിസ്ഥാനത്തില്‍ കലാകാരന്‍മാരെ വിലയിരുത്തുന്നത് പുതുമയുള്ള കാര്യമല്ല എന്നാണ് തോന്നുന്നത്. പ്രശസ്തരായ പല കലാകാരന്‍മാരും ജാതിമതകാരണങ്ങളാല്‍ അധിക്ഷേപിക്കപ്പെട്ട കഥകള്‍ മുന്‍പും തുറന്നു പറഞ്ഞിട്ടുണ്ട്.  സെക്യുലര്‍ ആയ ഒരു പേരാണ് എന്റേത്! അതില്‍ നിന്ന്    ജാതിയും മതവുമൊന്നും തിരിച്ചറിയാനാവില്ല എന്നത് വലിയ സന്തോഷം തരാറുണ്ട്.എന്നിരുന്നാലും പത്തിരുപതു വര്‍ഷം മുന്‍പ്,എഴുതിത്തുടങ്ങിയ ആദ്യകാലങ്ങളില്‍ കഥകള്‍ അയക്കുമ്പോള്‍ അഡ്രസ്സില്‍ വീടിന്റെ പേരായ 'ഹസീന കോട്ടേജ്' എന്നത് ചേര്‍ക്കുമ്പോള്‍ പ്രസിദ്ധീകരിക്കാതെ   തിരിച്ചയച്ചിരുന്ന അതേ കഥകള്‍ തിരുത്തലൊന്നും വരുത്താതെ വീടിന്റെ പേരിനു പകരം ഹൗസ് നമ്പര്‍ വച്ച് അയക്കുമ്പോള്‍ അതേ മാസികകളില്‍ത്തന്നെ പ്രസിദ്ധീകരിച്ചിട്ടുണ്ട്.!ഇത് വര്‍ഗ്ഗീയതയോ ഫാസിസമോ എന്നു ഞാന്‍ ആരോപിക്കുന്നൊന്നുമില്ല.ചോദിച്ചതു കൊണ്ട് പറഞ്ഞു എന്നു മാത്രം.അന്നുമിന്നും എനിക്കത്    വലിയ തമാശയായാണ് തോന്നിയിരുന്നത്.പിന്നെ മതത്തിന്റെ/സമുദായത്തിന്റെ  പേരില്‍ ആരെങ്കിലും  വിലയിരുത്തുന്നുണ്ടോ ,പുരസ്‌കാരങ്ങള്‍ നല്‍കുകയോ തിരസ്‌കരിക്കുകയോ ചെയ്യുന്നുണ്ടോ എന്നൊന്നും വേവലാതിപ്പെടുന്നേയില്ല.ഒരു പുരസ്‌കാരത്തിനും വേണ്ടി ആരോടും ശുപാര്‍ശ ചെയ്യാന്‍ പോയിട്ടില്ല.എന്നിലേക്കു വന്നത് സന്തോഷത്തോടെ സ്വീകരിക്കുന്നു.അവാര്‍ഡ് ദാനച്ചടങ്ങില്‍ വച്ചാണ് ജൂറിമാരുടെ പേരുതന്നെ കേള്‍ക്കുന്നത്.അവരില്‍ ഭൂരിഭാഗവും വ്യക്തിപരമായി അറിയുന്നവരോ  എന്റെ സമുദായത്തിലോ മതത്തിലോ താല്‍പര്യമുള്ളവരോ ആയിരുന്നില്ല.പുരസ്‌കാരങ്ങള്‍ക്കൊപ്പം തിരസ്‌ക്കാരങ്ങളുമുണ്ട്.പക്ഷേ അതൊന്നും എന്നെ ബാധിക്കുന്ന കാര്യങ്ങളല്ല.എഴുത്തിലേക്ക് അറിയാതെ വന്നെത്തിയതാണ് ഞാന്‍. വീട്ടിലോ കുടുംബത്തിലോ പരിചയത്തിലോ ഒരാളും തന്നെ മുന്‍പ്   സാഹിത്യമെഴുതി പ്രസിദ്ധീകരിച്ചിട്ടില്ല.ഒരു വഴി സ്വയം തിരഞ്ഞെടുക്കുകയായിരുന്നു ഞാന്‍.അതിന്റെ ഗുണദോഷങ്ങള്‍ ഒരു പരിധിയില്‍ക്കൂടുതല്‍ സ്വന്തം പ്രവൃത്തികളെയോ മാനസികാവസ്ഥയേയോ ബാധിക്കാതിരിക്കാന്‍ എപ്പോഴും ശ്രദ്ധിക്കാറുണ്ട്.
എഴുതാനുള്ള സ്ഥലവും സമയവും കണ്ടെടുക്കുക എന്നതു തന്നെയാണ്  വെല്ലുവിളി.എഴുത്ത് തടസ്സപ്പെടുത്താന്‍ ഒരു നൂറുകാര്യങ്ങളുണ്ടാവും.എഴുതാന്‍ ഒരേയൊരു കാരണമേയുള്ളൂ.അത് 'എനിക്ക് എഴുതിയേ പറ്റൂ 'എന്ന മാനസികാവസ്ഥയുണ്ടാവുക എന്നതാണ്.എഴുതിയത് വായനക്കാരിലേക്കെത്തിക്കുക എന്നതും അല്‍പം പ്രയാസമുള്ള കാര്യം തന്നെ. നമ്മള്‍ ഉദ്ദേശിക്കുന്ന സമയത്ത് ശരിയായ വായനക്കാരനിലേക്കെത്താന്‍ പലപ്പോഴും തടസ്സങ്ങള്‍ ഉണ്ടായേക്കാം.അതിനേക്കാളേറെ വെല്ലുവിളിയായിത്തോന്നുന്നത് സ്വയം പുതുക്കിക്കൊണ്ടിരിക്കുക എന്നതാണ്.ഇതുവരെ എഴുതിയതിനേക്കാള്‍ മികച്ചതായിരിക്കണം അടുത്തത് എന്ന ആഗ്രഹം.അതിനു വേണ്ടിയുള്ള അന്വേഷണം.

7.നവമാധ്യമങ്ങളിലടക്കമുള്ള മാധ്യമങ്ങളിലൂടെ സ്വയം നവീകരിച്ചു കൊണ്ടിരിക്കുന്ന വായനക്കാരനെ പരമ്പരാഗത എഴുത്തുരീതികള്‍ക്കു സ്വാധീനിക്കാന്‍ കഴിയുമോ.താങ്കളുടെ സാഹിത്യകൃതികള്‍ക്കു ലഭിച്ച പ്രതികരണങ്ങള്‍.

തീര്‍ച്ചയായും നല്ല വായനക്കാരന്‍ എഴുത്തുകാരനെ കവച്ചുവയ്ക്കുന്നവനാണ്.എഴുത്തുകാരെ ഉത്തരം മുട്ടിക്കുന്ന ചോദ്യങ്ങള്‍ അവരുടെ കൈയ്യിലുണ്ട്.എഴുത്തുകാരന്‍ കാണാത്ത കാഴ്ചകള്‍ തുറന്നിട്ട് അവര്‍ എഴുത്തുകാരനെ വിസ്മയിപ്പിക്കാറുണ്ട്.സ്വാഭാവികമായും വായനക്കാരനെ ചേര്‍ത്തുപിടിക്കേണ്ടത് എഴുത്തുകാരന്റെ ആവശ്യമാണ്.അതിനായി എഴുത്തുകാരനും സ്വയം നവീകരിച്ചു കൊണ്ടിരിക്കേണ്ടതുണ്ട്.എപ്പോഴും ഒരേ വിഷയം ഒരേ ശൈലിയില്‍ത്തന്നെ പറയുമ്പോള്‍ ആര്‍ക്കാണ് മടുക്കാതിരിക്കുക.
എന്റെ വായനക്കാര്‍ പൊതുവെ അന്തര്‍മുഖത്വമുള്ളവരാണെന്നു തോന്നിയിട്ടുണ്ട്.(എന്നെപ്പോലെ)!അതല്ലെങ്കില്‍  അന്തര്‍മുഖത്വമുള്ളവരാവണം എന്റെ രചനകളെ കൂടുതലായി മനസ്സിലാക്കുന്നത്.ഇപ്പോള്‍ സോഷ്യല്‍ മീഡിയ സജീവമായതിനാല്‍ കഥ വായിച്ചയുടനെ കഥാകൃത്തിലേക്ക് തടസ്സമില്ലാതെ നേരിട്ട് എത്താന്‍ കഴിയുന്നു എന്നത് സന്തോഷമുള്ള കാര്യമാണ്. കഥ പ്രസിദ്ധീകരിച്ചു വന്നാലുടനെ അഭിപ്രായം പറയുന്നവരുണ്ട്. വായിച്ച് ആസ്വദിക്കുകയും ഒന്നും പറയാതിരിക്കുകയും ചെയ്യുന്നവരുമുണ്ട്.നിശ്ശബ്ദമായി പിന്‍തുടരുന്നവരാണവര്‍.എഴുതിയതൊന്നും ഗൗനിക്കാതെ മുഖം തിരിച്ചിരിക്കുന്നവരുമുണ്ട്. നല്ലതും ചീത്തയും പറഞ്ഞു തരുന്നവരുണ്ട്.കൂടുതല്‍ മുന്നോട്ടുപോകാന്‍ പ്രതീക്ഷകള്‍ പകരുന്നവരുണ്ട്. വായിച്ച് ഒപ്പം കരഞ്ഞവരും അസ്വസ്ഥരായവരും ചിരിച്ചവരുമുണ്ട്.എന്നെ എഴുതിപ്പൂര്‍ത്തിയാക്കൂ എന്നു മുന്നില്‍ വന്നു പറഞ്ഞ് കഥാപാത്രങ്ങളായവരുണ്ട്.ഗൗരവമായും അല്ലാതെയും വിമര്‍ശിക്കുന്നവരുമുണ്ട്.  ഏറിയപങ്കും മറഞ്ഞിരിക്കുന്നവരാണവര്‍.ചിലപ്പോള്‍ പരിഭ്രമിച്ച ഒരു ശബ്ദമായി,ഒരു എസ് എം എസ് ആയോ ഇമെയില്‍ ആയോ ,ചിലപ്പോള്‍ പേരു പോലും വെളിപ്പെടുത്താതെ എന്നെ വന്നു തൊടാറുണ്ടവര്‍.ഓരോ വരിയെഴുതുമ്പോഴും അവരുടെ പ്രതീക്ഷാനിര്‍ഭരമായ കണ്ണുകള്‍ എനിക്ക് വെളിച്ചമാകാറുണ്ട്.

8.വിവാദങ്ങള്‍ സൃഷ്ടിക്കുന്ന സാഹിത്യരചനകള്‍ മാത്രം വായിക്കപ്പെടുന്ന പ്രവണത കേരളത്തില്‍ സജീവമാണ്.എഴുത്തുകാരിയെന്ന നിലയില്‍ താങ്കളുടെ പ്രതികരണങ്ങള്‍.

നിഷ്‌കളങ്കരായ വായനക്കാരോടു ചെയ്യുന്ന ഏറ്റവും വലിയ ദ്രോഹമാണിത്. വിശുദ്ധമായ ഒരു പ്രവൃത്തിയായാണ് ഞാന്‍ എഴുത്തിനെ കാണുന്നത്.പുസ്തകങ്ങളും എഴുത്തുകാരും വില്പനയും വര്‍ദ്ധിച്ചിട്ടുണ്ടെങ്കില്‍ക്കൂടി നല്ല വായനക്കാരന്റെ എണ്ണം വര്‍ദ്ധിച്ചിട്ടില്ല എന്നാണ്  മനസ്സിലാക്കാന്‍ കഴിയുന്നത്.വായനയാണ് ഹോബി എന്നു പറയുന്ന പലരോടും ചോദിച്ചാല്‍ അറിയാം അയാള്‍ എത്ര നല്ല പുസ്തകങ്ങള്‍ വായിച്ചിട്ടുണ്ടാകുമെന്ന്.ഇവിടെയാണ് വിവാദങ്ങളും അതുവഴിയുള്ള പുസ്തകങ്ങളുടെ മഹത്വവല്‍ക്കരണവും തിരിച്ചറിയാനാവുന്നത്.വാര്‍ത്തയില്‍ ഇടയ്ക്കിടെ കേട്ടതു കൊണ്ട് ആ പുസ്തകം വായിക്കാതിരുന്നാല്‍ മോശമല്ലേ എന്നു കരുതിയാണ് പലരും ഇത്തരം പുസ്തകങ്ങള്‍ വായിക്കുന്നത്.പല വിവാദങ്ങളും ,വില്‍പ്പനയും പ്രശസ്തിയും മാത്രം ലക്ഷ്യമാക്കി ആസൂത്രിതമായി ചെയ്യുന്നവയാണ്. അറിഞ്ഞും അറിയാതെയും മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും പത്രാധിപന്‍മാരും പ്രസാധകരുമെല്ലാം വിവാദങ്ങള്‍ക്ക് ശക്തി പകരുന്നുണ്ട്.. വിവാദങ്ങളുടെ പിന്നാമ്പുറകഥകള്‍  അറിയാത്തവരാണ് ഏറിയ പങ്കും.  പ്രശസ്തി നല്‍കാനും 'വൈറല്‍' ആക്കാനും തയ്യാറായി ഇവന്റ് മാനേജ്‌മെന്റ് കമ്പനികള്‍ കലാകാരന്‍മാരെ ക്ഷണിക്കുന്ന ലോകത്ത് അതിനൊന്നും പ്രയാസമില്ല. പലപ്പോഴും വിവാദങ്ങള്‍ കെട്ടടങ്ങുന്നതോടെ പുസ്തകവും വിസ്മൃതമാകുകയാണ് ചെയ്യാറ്. എങ്കിലും ഇതിനെല്ലാമിടയില്‍ വായിക്കപ്പെടാന്‍ യോഗ്യതയുള്ള ചില കൃതികള്‍ക്കെങ്കിലും വേണ്ടത്ര പരിഗണന ലഭിക്കാതെ പോകുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം.

                                        ............................

2017, സെപ്റ്റംബർ 29, വെള്ളിയാഴ്‌ച

(മഞ്ഞനദികളുടെ സൂര്യന്‍-ആമുഖത്തിലെഴുതിയത് )

രണ്ടുവര്‍ഷത്തോളമായി ഇങ്ങനെയൊരു സ്വപ്‌നത്തിന്റെ വല നെയ്യാന്‍ തുടങ്ങിയിട്ട് . പൊട്ടിച്ചിതറിയും തുളകള്‍ വീണും അഴിച്ചു പണിതും ഓരോ കണ്ണിയും അലോസരമുണ്ടാക്കിക്കൊണ്ട് കടന്നുപോയ കുറേ മാസങ്ങള്‍.. പകലിന്റെ മുഴുവന്‍ ഊര്‍ജ്ജവും ഊറ്റിയെടുക്കുന്ന ഓഫീസ് ജോലിയുടെ നൈരന്തര്യത്തിനിടയില്‍ ഒരിക്കലും എഴുതിത്തീര്‍ക്കാനാവില്ലെന്നു വെല്ലുവിളിച്ച കഥകള്‍. എഴുതിയും മായ്ചും അക്ഷരങ്ങള്‍ കൂട്ടിരുന്ന രാത്രികള്‍.അസ്വസ്ഥതകളോട് ഇണങ്ങിച്ചേരാനാവാതെ പരിഭവിച്ചു പിരിഞ്ഞു പോയ സൗഹൃദങ്ങള്‍, കലഹിച്ചു പോയ വാക്കുകള്‍,ഒരു കാഴ്ച പോലും തരാതെ ഒരുപാടിരുണ്ടുപോയ മഴക്കാലാകാശം.എല്ലാത്തിനുമൊടുവില്‍ വീണു കിട്ടിയത് ഇത്തിരി നക്ഷത്രവെളിച്ചം.
കുട്ടിക്കാലത്ത് മുതിര്‍ന്നവരുടെ അടക്കിപ്പിടിച്ച സംസാരത്തില്‍ നിന്ന് അറിയാതെ വീണു തായിരുന്നു വിപ്ലവത്തെക്കുറിച്ചുള്ള അറിവുകള്‍ .വലിയങ്ങാടിയിലെ ഉമ്മവീട്ടില്‍ എല്ലാവരുമൊത്തു കൂടിയ രാത്രിയിലാണ് നക്‌സലൈറ്റുകളെന്ന വാക്ക് ആദ്യമായിക്കേട്ടത്് . കൂട്ടികള്‍ക്കു കേള്‍ക്കാനരുതാത്ത എന്തോ ഒന്നിനെക്കുറിച്ച് ഭയമോ ആവേശമോ നിറഞ്ഞു നിന്ന സ്വരത്തിലായിരുന്നു എല്ലാവരും സംസാരിച്ചിരുന്നത്. ഒഴിവുകാലങ്ങളില്‍ നാട്ടില്‍ തമ്പടിക്കുന്ന സര്‍ക്കസ്സുകാരുടെ കൂടാരങ്ങളില്‍ നിന്ന് രാത്രി തിരക്കുകളെല്ലാമൊഴിയുമ്പോള്‍ സൂര്യനോളം പ്രകാശം ചൊരിയുന്നൊരു ഒറ്റവെളിച്ചം ആകാശത്തേക്കു കണ്‍തുറക്കാറുണ്ടായിരുന്നു...കറങ്ങിക്കറങ്ങി അതങ്ങിനെ സര്‍ക്കസ്സുകാരുടെ വരവറിയിക്കും.നക്‌സലൈറ്റ് എന്നു കേട്ടപ്പോള്‍ എന്തുകൊണ്ടെന്നറിയില്ല, അതുപോലെ ശക്തിയേറിയ സെര്‍ച്ച്്‌ലൈറ്റുമായി കാട്ടിലൂടെ മാരകായുധങ്ങളുമായി നടക്കുന്ന ആളുകളാണ് മനസ്സിലേക്കോടിയെത്തിയത് .പണക്കാരായ ആളുകളുടെ തലയറുത്ത് പടിക്കല്‍ കുത്തിനിര്‍ത്തി ,പൂഴ്ത്തിവച്ച ധാന്യങ്ങള്‍ പാവങ്ങള്‍ക്കു വിതരണം ചെയ്തു എന്നൊക്കെയാണ് ചര്‍ച്ച. അടക്കിപ്പിടിച്ച ആ സംസാരങ്ങളില്‍ എന്തിനോടൊക്കെയോ ഉള്ള അമര്‍ഷത്തിന്റേയോ ആരാധനയുടേയോ ഒരു തുണ്ട് പിടിച്ചെടുക്കാനായി. ചര്‍ച്ചയെല്ലാം കഴിഞ്ഞ് 'നീയേതു പാര്‍ട്ടിക്കാരിയാണ'് എന്നൊരു വിഢ്ഢിച്ചോദ്യം എന്നോടാരോ ചോദിച്ചപ്പോള്‍ പാര്‍ട്ടികളെക്കുറിച്ചൊന്നുമറിയാത്തതു കൊണ്ട് അപ്പോള്‍ കേട്ട പേര് അഭിമാനത്തോടെ ഉറക്കെപ്പറഞ്ഞു. “ഞാന്‍ നക്‌സലൈറ്റാണ്...”
എല്ലാവരും സ്തംഭിച്ചു നിന്നതോര്‍മ്മയുണ്ട്. ഒന്നുമറിയാത്തപോലെ അതിലൂടെ കളിച്ചു നടക്കുമ്പോഴും ഞാനതെല്ലാം ശ്രദ്ധിച്ചിരുന്നു എന്ന അറിവാണ് അവരെ നിശ്ശബ്ദരാക്കിയതെന്നു തോന്നുന്നു..പിന്നെ “ഇവള്‍ അജിതയുടെ പാര്‍ട്ടിയാ“ണെന്നു പറഞ്ഞ് അമ്മാവന്‍ ചിരിച്ചതോര്‍ക്കുന്നു.
വസന്തത്തിന്റെ ഇടിമുഴക്കത്തെ ഓര്‍മ്മിപ്പിച്ചിരുന്നു കൂട്ടിക്കാലത്തെ പല സംഭവങ്ങളും.അടിയന്തരാവസ്ഥയേയും വിപ്ലവത്തേയും ഓര്‍മ്മപ്പെടുത്തിക്കൊണ്ടുള്ള വാര്‍ത്തകള്‍ പത്രങ്ങളിലും എല്ലാക്കാലത്തുമുണ്ടായിരുന്നു .ഈച്ചരവാര്യരുടെയും വര്‍ഗ്ഗീസിന്റെയും ജീവിതം തീരാവ്രണമായി എന്നും മനസ്സിനെ ഉരുക്കിയിരുന്നു.
ഒരുപാടു വര്‍ഷങ്ങള്‍ക്കു ശേഷം വിപ്ലവവും വിപ്ലവകാരികളും പുതുകാലത്തിന്റെ പരിഹാസമായി മാറുന്നത് കണ്ടറിഞ്ഞു.വിപ്ലവം പരാജയമാണെന്നും അതല്ല ,അത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നുമുള്ള തര്‍ക്കങ്ങള്‍.ഉള്‍പ്പോരുകളും പിരിഞ്ഞുപോകലുകളും.ചിലര്‍ പാതയില്‍ നിന്ന് ബഹുദൂരം ദൂരത്തേക്കോടി മറഞ്ഞു.ചിലര്‍ എതിര്‍ദിശയിലേക്കോടി.എങ്കിലും പലപ്പോഴും പലയിടത്തായി കണ്ടുമുട്ടേണ്ടി വന്നു മുള്ളു കൊണ്ടു പോറി,വ്രണങ്ങള്‍ പഴുത്തുവിങ്ങിക്കൊണ്ട് ജീവിതകാലം മുഴുവന്‍ അസ്വസ്ഥതയോടെ ജീവിക്കുന്ന ഒരു കൂട്ടമാളുകള്‍.ദാരിദ്ര്യമാണ് വിപ്ലവകാരികളെ സൃഷ്ടിച്ചത് അല്ലാതെ സാമൂഹ്യപ്രതിബദ്ധതയല്ല എന്ന ആരോപണങ്ങള്‍ക്കിടയില്‍ത്തന്നെ ജീവിക്കാന്‍ വേണ്ടതെല്ലാമുള്ളവരും വിപ്ലവത്തീയിലേക്കെടുത്തു ചാടിയ കാഴ്ചകളും കാണുകയുണ്ടായി.'ആരണ്യകം' എന്ന സിനിമയിലെ ദേവന്റെ കഥാപാത്രത്തിനെ ഒരിക്കലും മറക്കാനാവാത്തതും അതുകൊണ്ടു തന്നെ.”എനിക്കെല്ലാമുണ്ടായിരുന്നു,ഭക്ഷണം, വസ്ത്രം, വീട്, വിദ്യാഭ്യാസം”.എന്നു പറയുമ്പോള്‍ “പിന്നെന്തിന് ഈ വഴി ?“എന്നു ചോദിക്കുന്ന നായികയോട്് “എനിക്കു മാത്രം മതിയോ ഇതൊക്കെ” എന്ന ചോദ്യം അന്നുമിന്നും ഒരു ചാട്ടുളിപോലെ ഉള്ളില്‍ കോറിവരയാറുണ്ട്.
ഭീകരമായ ഒരു ഭാവിയുടെ നാന്ദി കുറിക്കാനെന്നോണം അനുദിനമുണ്ടാകുന്ന അനീതികള്‍ക്കും അസമത്വങ്ങള്‍ക്കും ഭരണകൂടത്തിന്റെയും മുതലാളിത്തത്തിന്റെയും തേര്‍വാഴ്ചകള്‍ക്കും മുമ്പില്‍ ചെറുവിരലനക്കാന്‍ പോലും താല്‍പര്യം കാണിക്കാതെ പ്രതികരണശേഷി മുരടിച്ചു വരുന്ന ഒരു പുതുസമൂഹത്തില്‍ ജീവിക്കുമ്പോള്‍ ആര്‍ക്കാണ് തെറ്റുപറ്റിയതെന്ന് അറിയാതെ ചോദിച്ചു പോകുന്നു.
ഈ പുസ്തകത്തിന്റെ രചനയില്‍ ഏറെ സഹായം ചെയ്ത കെ വി തെല്‍ഹത്തിനോടും പ്രഭാകരന്‍ മാസ്റ്ററോടുമുള്ള കടപ്പാടും സ്‌നേഹവും എഴുതിത്തീര്‍ക്കാവുന്നതല്ല.പ്രസാധനം ഏറ്റെടുത്ത ഡി സി ബുക്ക്‌സിനേയും നന്ദിയോടെ സ്മരിക്കുന്നു.
ആരുടെയൊക്കെയോ വിയര്‍പ്പും രക്തവും വീണ മണ്ണില്‍ വിരിഞ്ഞു നില്‍ക്കുന്ന റോസാപ്പൂക്കള്‍ക്ക് എല്ലാവരേയും ആഹ്ലാദിപ്പിക്കാനാവുന്നില്ലെന്നറിയുന്നു.
ഒരു കാലത്തിന്റെ കഥ പറഞ്ഞ് എന്റെ കൂടെ നടന്നവരുടെ വേവുകളും മോഹങ്ങളും തിരിച്ചറിയാനായെങ്കില്‍ ഈ അക്ഷരങ്ങള്‍ സാര്‍ത്ഥകമായി.
(മഞ്ഞനദികളുടെ സൂര്യന്‍-ആമുഖത്തിലെഴുതിയത് )
NOVEL
PUBLISHERS D C BOOKS,PRICE Rs.120/-
പ്രകാശനം ആഗസ്റ്റ് 10,കൊച്ചി

അവര്‍ക്കു ഭയമായിരുന്നു
വാക്കുകളെ..
അതില്‍ നിന്നുയർത്തെഴുന്നേല്‍ക്കുന്ന
വസന്തജ്വാലകളെ..
അവര്‍ക്കു ഭയമായിരുന്നു
മഷിയുടെ തീവ്രസുഗന്ധത്തെ.
അത് ശ്വാസകോശങ്ങളെ
തകര്‍ക്കുമെന്നവര്‍ ഭയന്നു.
അവര്‍ക്കു ഭയമായിരുന്നു
അച്ചുകൂടങ്ങളെ.
അതിന്റെ പ്രകമ്പനങ്ങളില്‍
വിശ്വാസങ്ങള്‍ ഉടഞ്ഞുതീരുമെന്നവര്‍ ഭയന്നു.
അവര്‍ക്കു ഭയമായിരുന്നു
ഉണ്‍മയുടെ പ്രകാശത്തെ.
അന്ധത മൂടിയ കണ്ണുകളെ
അത് വേദനിപ്പിക്കുമെന്നവര്‍ ഭയന്നു
ഭയം അവരെ കൊലയാളികളാക്കി
മഷിയെ തൂത്തെറിഞ്ഞ്,
അച്ചുകൂടം തകര്‍ത്ത്
വാക്കുകളെ വെടിയുണ്ടകളാല്‍ നിശ്ശബ്ദമാക്കി
ഉണ്മയെ തീവ്രവിശ്വാസങ്ങളുടെ
ഇരുട്ടു കൊണ്ട് പൊതിഞ്ഞ്
"നീ നിശ്ശബ്ദത പാലിക്കുക " എന്നുറക്കെപ്പറഞ്ഞ്
"എന്റേതല്ലാത്തൊരു ശബ്ദം ഇവിടെയുയരില്ലെ"ന്നു ശഠിച്ച്
അവര്‍ തലച്ചോറും ഹൃദയവും പിഴുതെറിയാന്‍ നോക്കി..
എന്നിട്ടും,
എഴുതപ്പെട്ട അക്ഷരങ്ങളെ അവര്‍ക്കു തൊടാനായില്ല
പുറപ്പെട്ട വാക്കിനെ തടയാനും,
വെളിച്ചത്തെ അടച്ചുവെയ്ക്കാനും
അവര്‍ക്കായില്ല.
മുറിച്ചുമാറ്റപ്പെട്ട ഓരോ നാവിനും പകരം
പുതുമുളകള്‍ വരുമെന്ന് ആരാണവരോടു പറയുക.
എല്ലാ നാവുകളും
എല്ലാക്കാലവും നിശ്ശബ്ദമായിരിക്കില്ലെന്ന്
ആരാണവര്‍ക്കു പറഞ്ഞു കൊടുക്കുക...?

2017, ജൂലൈ 17, തിങ്കളാഴ്‌ച

ജൂലൈ ലക്കം അക്ഷരദീപം സാഹിത്യമാസികയില്‍ കവര്‍ സ്‌റ്റോറി By Unni Vishwanath


1.എഴുതിത്തുടങ്ങിയതെപ്പോള്‍?എന്തായിരുന്നു പ്രചോദനം?
അക്ഷരങ്ങളെ പരിചയപ്പെടുത്തിയ സീതാലക്ഷ്മി ടീച്ചര്‍,ഭാഷയെ ശുദ്ധീകരിച്ച പാര്‍വതി ടീച്ചര്‍,പുസ്തകങ്ങളോട് കൂട്ടുകൂടാന്‍ പഠിപ്പിച്ച ആപ്പ(ഉപ്പ),ഭാവനയ്ക്കു ചിറകു നല്‍കിയ വല്യുമ്മ, പിന്നെ പ്രകൃതിയുമായി എന്നെ അടുപ്പിച്ച സരോജിനി ..ഇവരില്ലായിരുന്നെങ്കില്‍ ഞാനൊരിക്കലും എഴുത്തുകാരിയാവുമായിരുന്നില്ല.വായനയ്ക്കു നിയന്ത്രണമില്ലാത്ത ബാല്യമായിരുന്നു എന്റേത്.എന്തും വായിക്കാം.ജനപ്രിയവാരികകള്‍,ബാലസാഹിത്യം തുടങ്ങി തകഴിയും പൊറ്റെക്കാടും ബഷീറും ഉറൂബുമൊക്കെയായിരുന്നു അന്നത്തെ വായന.ആപ്പ നന്നായി വായിക്കുകയും ചിലപ്പോഴൊക്കെ ലേഖനങ്ങളും പ്രസംഗങ്ങളും എഴുതുകയും ചെയ്തിരുന്നു എന്നതൊഴിച്ചാല്‍ വീട്ടിലോ കുടുംബത്തിലോ പരിചയത്തിലോ ആരും എഴുത്തുകാരായിട്ടില്ലായിരുന്നു.ഏതോ വിദൂരദേശത്തിരുന്ന് സാഹിത്യരചന നടത്തുന്ന അപൂര്‍വ്വജീവികളായിരുന്നു എന്നെ സംബന്ധിച്ചിടത്തോളം അന്ന് എഴുത്തുകാര്‍.സ്‌കൂളില്‍ മലയാളം അക്ഷരമാല പഠിപ്പിച്ചത് സീതാലക്ഷ്മിടീച്ചറാണ്(സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ അമ്മ).രാമായണവും മഹാഭാരതവുമെല്ലാം ടീച്ചറിലൂടെയാണ് ഞാനറിയുന്നത്.ഹൈസ്‌കൂളില്‍ മലയാളം പഠിപ്പിച്ച പാര്‍വ്വതി ടീച്ചറാവട്ടെ ഭാഷാശുദ്ധിയുടെ കാര്യത്തില്‍ ആഗ്രഗണ്യയായിരുന്നു.ഭാഷയിലെസൂക്ഷ്മമായ പിഴവുകള്‍ പോലും കണ്ടുപിടിച്ച് സൗമ്യമായി തിരുത്തിത്തരും.ഒരു സ്വപ്‌നജീവിയായിരുന്നു വല്യുമ്മ. ബാലമാസികളില്‍ വരുന്ന കഥകളെല്ലാം ആദ്യം തന്നെ അവര്‍ എനിക്കു പറഞ്ഞു തന്നിട്ടുണ്ടാവും.മാസികകളില്‍ പിന്നെ ആ കഥ വരുമ്പോള്‍ വല്യുമ്മയെ അത് വായിച്ചു കേള്‍പ്പിക്കാന്‍ ഇഷ്ടമായിരുന്നു. വീട്ടില്‍ സഹായിയായിരുന്ന സരോജിനിയാണ് പ്രകൃതിയുടെ വിസ്മയങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോയത്.ഓരോ കുഞ്ഞു പൂവിലും പുല്‍ക്കൊടിയിലും പ്രപഞ്ചം ഒളിഞ്ഞിരിക്കുന്നുവെന്ന് എന്നെ പഠിപ്പിച്ചത് അവരാണ്.അങ്ങനെ വായനയും ഭാവനയും പ്രകൃതിയും ചേര്‍ന്നാണ് എഴുതാന്‍ പ്രേരിപ്പിച്ചതെന്നു പറയാം.എങ്കിലും എഴുതിത്തുടങ്ങാന്‍ കാരണമായത് സ്‌കൂളില്‍ പഠിക്കുമ്പോള്‍ കാണാനിടയായ കയ്യെഴുത്തുമാസികയാണ്.അതുപോലൊരെണ്ണം ഉണ്ടാക്കണം എന്ന ആഗ്രഹത്തില്‍ നിന്നാണ് എഴുത്ത് രൂപപ്പെട്ടത്.കയ്യെഴുത്തുമാസികയില്‍ പല പേരുകളില്‍ കഥയും ചിത്രകഥയും നോവലുമൊക്കെ എഴുതുമ്പോള്‍ അത് ഒട്ടും ഗൗരവമില്ലാത്ത പ്രവൃത്തിയായിരുന്നു.കളികളുടെ ഒരു ഭാഗം മാത്രമായിരുന്നു അത്.കോളജില്‍ എത്തിയതോടെ അവധിക്കാലങ്ങളില്ലാതായി .കയ്യെഴുത്തുമാസികയും നിന്നുപോയി..മുതിര്‍ന്ന എഴുത്തുകാരുടെ ഗംഭീരമായ രചനകള്‍ വായിച്ചിരുന്ന കാലമായിരുന്നു അത്.ചിലപ്പോഴൊക്കെ പലരുടെയും മോശം രചനകളും വായിക്കാനിടയായപ്പോഴാണ് എഴുതിനോക്കാം എന്നൊരു തോന്നലുണ്ടായത്.അങ്ങനെ 'ഇന്നലെയുടെ ബാക്കി' എന്ന ഒരു കഥയെഴുതി മാതൃഭൂമി ബാലപംക്തിയില്‍ പ്രസിദ്ധീകരിച്ചപ്പോള്‍ മോശമല്ലാത്ത പ്രതികരണം കിട്ടിയതോടെ അല്പം ആത്മവിശ്വാസമൊക്കെ തോന്നി.ഗൗരവമായി എഴുത്തിനെ സമീപിക്കുന്നത് 19 ാം വയസ്സിലാണ്.വ്യക്തിപരമായി ധാരാളം അസ്വസ്ഥതകള്‍ അനുഭവിച്ചിരുന്ന കാലമായിരുന്നു അത്.യാദൃശ്ചികമായി കണ്ട ഒരു പത്രവാര്‍ത്ത മനസ്സിനെ അലോസരപ്പെടുത്തിക്കൊണ്ടിരുന്നൊരു രാത്രിയിലാണ് 'താമസി' എന്ന കഥയെഴുതുന്നത്.എന്നിലെ അപരയുടെ സാന്നിദ്ധ്യം മനസ്സിലാക്കിത്തന്നത് ആ കഥയാണ്.കാരണം അതെഴുതി പിന്നീടു വായിച്ചപ്പോള്‍ ഞാനെപ്പോഴാണ് ഇങ്ങനെയൊക്കെ ചിന്തിച്ചത് എന്നൊരു വിസ്മയം മാത്രമായിരുന്നു.എഴുത്ത് പലപ്പോഴും ബോധപൂര്‍വ്വമല്ല സംഭവിക്കുന്നത് എന്ന് അന്നെനിക്കു മനസ്സിലാക്കാനായി.ആ കഥയ്ക്ക് വനിതയുടെ കഥാ അവാര്‍ഡ് ലഭിച്ചത് വലിയ പ്രോത്സാഹനമായിത്തീര്‍ന്നു.നിരവധി വായനക്കാരില്‍ നിന്ന് മികച്ച പ്രതികരണമുണ്ടായി.
2.സ്വന്തം ജീവിതാനുഭവങ്ങള്‍ കഥയാക്കി മാറ്റിയിട്ടുണ്ടോ?
ജീവിതാനുഭവങ്ങള്‍ പലതും കഥകള്‍ക്കു പ്രേരണയായിട്ടുണ്ട്.പക്ഷേ സംഭവങ്ങളുടെ നേര്‍പ്പകര്‍പ്പായി കഥയെഴുതാറില്ല.സ്വയം അനുഭവിക്കുമ്പോള്‍ മാത്രമല്ല മറ്റുള്ളവരുടെ അനുഭവങ്ങളോട് തന്മയീഭാവം പ്രകടിപ്പിക്കാനാവുമ്പോള്‍ കൂടിയാണ് എഴുത്തു വരുന്നത്.എങ്കിലും ഓരോ കഥയിലും ഭാവനയും സങ്കല്പവും ചേര്‍ത്താണ് അനുഭവങ്ങളെ ആവിഷ്‌കരിക്കാറ്.അങ്ങനെ കഥയാക്കാന്‍ പറ്റില്ലെന്നു തോന്നുന്ന അനുഭവങ്ങള്‍ ഓര്‍മ്മക്കുറിപ്പുകളായി എഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ട്.'അഴിച്ചു കളയാനാവാതെ ആ ചിലങ്കകള്‍' എന്ന പേരില്‍ പായല്‍ ബുക്ക്‌സ് ആണ് അത് പ്രസിദ്ധീകരിച്ചത്.
3ഭാവനയില്‍ നിന്നു പിറവി കൊള്ളുന്ന എഴുത്താണോ അതോ ജീവിതാനുഭവങ്ങളുടെ പകര്‍ത്തിയെഴുത്താണോ നല്ലത്.എന്താണഭിപ്രായം?
അനുഭവങ്ങളുടെ പകര്‍ത്തിയെഴുത്ത് കഥയോ നോവലോ ആണെന്നു പറയാനാവില്ല.അത് ആത്മകഥയോ ജീവചരിത്രമോ ഓര്‍മ്മക്കുറിപ്പോ ആണ്.അനുഭവങ്ങളും ഭാവനയും കൂടിച്ചേരുമ്പോഴാണ് എഴുത്തിന് സര്‍ഗ്ഗാത്മകത രചനയെന്ന നിലയില്‍ ഭാവുകത്വം കൈവരുന്നുള്ളൂ എന്നാണ് എനിക്കു തോന്നിയിട്ടുള്ളത്.അനുഭവങ്ങള്‍ രചനയുടെ അസ്ഥികൂടമാണെങ്കില്‍ അതിന് മാംസവും സൗന്ദര്യവും നല്‍കി രൂപഭംഗി പകരുന്നത് ഭാവനയും ഭാഷയുമാണ്.
4.പഴമയുടെ എഴുത്തും എഴുത്തുകാരും എഴുത്തിന്റെ യാത്രയില്‍ പ്രേരകശക്തിയായി കടന്നു വന്നിട്ടുണ്ടോ?.വന്നിട്ടുണ്ടെങ്കില്‍ ആ എഴുത്തുകാരെയും സൃഷ്ടിയെയും വായനക്കാര്‍ക്ക് പരിചയപ്പെടുത്താമോ?.
പൂര്‍വ്വസൂരികളെ വായിച്ചില്ലായിരുന്നുവെങ്കില്‍ ഞാന്‍ ഒരിക്കലും എഴുതുമായിരുന്നില്ല.വായനയുടെ ഏതോ ഘട്ടത്തിലാണ് എഴുതിത്തുടങ്ങിയത്.വെല്ലുവിളിയും പ്രേരണയുമായത് പഴമക്കാരുടെ എഴുത്തുകള്‍ തന്നെയായിരുന്നു.ആദ്യമായി വായിച്ച പുസ്തകം എസ് കെ പൊറ്റെക്കാടിന്റെ 'ഒരു ദേശത്തിന്റെ കഥ'യായിരുന്നു.ഏഴാം വയസ്സില്‍ ആ കൃതി എന്നെ എങ്ങനെയൊക്കെ സ്വാധീനിച്ചുവെന്നു പറഞ്ഞറിയിക്കാനാവില്ല.ഭാഷയും പ്രകൃതിയും മനുഷ്യനും ചരിത്രവും ചേര്‍ന്ന ഒരു വിസ്മയലോകം തന്നെയായിരുന്നു ആ പുസ്തകം.ഏതുപ്രായക്കാര്‍ക്കും ആസ്വാദ്യമായ ഒന്നാണ് അത് എന്നത് ശരിക്കും അത്ഭുതപ്പെടുത്തും.എല്ലാ അവധിക്കാലങ്ങളിലും ആവര്‍ത്തിച്ചു വായിച്ചിരുന്നു അത്.അതിരാണിപ്പാടത്തെ കഥാപാത്രങ്ങളിലൂടെ കടന്നുപോകുമ്പോള്‍ മനുഷ്യജീവിതത്തിന്റെ പലതരം അവസ്ഥകളെക്കുറിച്ച് ചിന്തിച്ചിട്ടുണ്ട്.കൗമാരത്തില്‍ എം ടിയുടെ 'മഞ്ഞ്' വല്ലാത്ത ഒരു വായനാനൂഭവമായിരുന്നു.അത് വായിക്കുമ്പോള്‍ ഓരോ തവണയും അപരിചിതമായ ഭൂമികകളിലേക്കു കടന്നുപോകുന്നതുപോലെ തോന്നുമായിരുന്നു. ടി പത്മനാഭന്റെ ആറ്റിക്കുറുക്കിയ ഭാഷയിലെഴുതിയ കഥകളും വളരെ ഇഷ്ടമായിരുന്നു..അതുപോലെത്തന്നെ സി രാധാകൃഷ്ണന്റെ 'മുന്‍പേ പറക്കുന്ന പക്ഷികള്‍' ,സക്കറിയയുടെ 'ഭാസ്‌കരപട്ടേലരും എന്റെ ജീവിതവും' ,'രാജലക്ഷ്മിയുടെ കഥകള്‍' ,'ഖസാക്കിന്റെ ഇതിഹാസം 'ഇങ്ങനെയുള്ള കൃതികളാണ് എന്നെ വായനയിലേക്കും എഴുത്തിലേക്കും കൈപിടിച്ചു കൊണ്ടുപോയത്.ഒരിക്കലും എഴുത്തുകാരിയാവുക എന്നൊരു സ്വപ്‌നം ഉള്ളിലുണ്ടായിരുന്നില്ല.അറിയാതെ എഴുതിപ്പോയി എന്നേ പറയാനാവൂ.വായനയുടെ മത്തു പിടിച്ച നേരത്ത് മനസ്സ് അറിയാതെ തുറന്നു പോയതാവാം എന്നേ തോന്നുന്നുള്ളൂ.
5.പുതിയ കാലത്തിലെ അറിയപ്പെടുന്ന എഴുത്തുകാരി എന്ന നിലയില്‍ എഴുതിത്തുടങ്ങുന്നവരോട് എന്താണ് പറയാനുള്ളത്.?
എഴുത്ത് ഒരാളില്‍ തനിയെ വന്നുചേരുന്നതാണ്.വായനയിലൂടെയും സാധനയിലൂടെയും അതിനെ മിനുക്കിയെടുക്കാനാവുമെന്നുമാത്രം.എഴുത്തിലും വായനയിലും താല്‍പര്യമില്ലാതെ മാതാപിതാക്കളുടെയോ അദ്ധ്യാപകരുടെയോ നിര്‍ബന്ധത്തിനു വഴങ്ങി സാഹിത്യക്യാമ്പുകളില്‍ വരുന്ന കുട്ടികളെ കണ്ടിട്ടുണ്ട്്.എഴുത്ത് ഒരിക്കലും ക്യാമ്പുകളിലൂടെ സ്വായത്തമാക്കാനാവില്ല.ക്യാമ്പുകളില്‍ മിക്കപ്പോഴും കാണുന്ന കാഴ്ച ഒന്നും വായിക്കാതെ,സംശയങ്ങളൊന്നും തന്നെയില്ലാതെ ,ക്ലാസ് എടുക്കുന്നവരെ തുറിച്ചു നോക്കിയിരിക്കുന്ന കുട്ടികളെയാണ്.. സജീവമായ സംവാദങ്ങള്‍ക്ക് തിരി കൊളുത്താനും സ്വന്തം സൃഷ്ടിയുടെ ഗുണദോഷങ്ങള്‍ അറിയാനും അനുഭവങ്ങള്‍ പങ്കിടാനുമെല്ലാം സാഹിത്യക്യാമ്പുകള്‍ സഹായകമാണ്.പക്ഷേ അധികം പേരും അത് പ്രയോജനപ്പെടുത്തുന്നില്ല.എന്തെങ്കിലും എഴുതി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്താല്‍ കിട്ടുന്ന കുറച്ചു ലൈക്കുകള്‍ക്കപ്പുറം ഗൗരവമായി എഴുത്തിനെ എടുക്കുന്നവര്‍ കുറവാണ്.എഴുതാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ആദ്യം നല്ല വായനക്കാരാവുകയാണ് വേണ്ടത്.മൊബൈലും ഇന്റര്‍നെറ്റും കമ്പ്യൂട്ടറും ഭരിക്കുന്ന പുതുലോകത്തില്‍ വായനക്കായി സമയം കണ്ടെത്തുന്നത് വലിയ പാടാണ്.അതിനായി പല വിനോദങ്ങളും മാറ്റിവെക്കേണ്ടി വരും.പരന്ന വായനയില്ലെങ്കിലും നിര്‍ബന്ധമായും വായിക്കേണ്ട കുറച്ചു പുസ്തകങ്ങളെങ്കിലും വായിക്കാന്‍ സമയം കണ്ടെത്തുക.ഭാഷ വഴങ്ങിക്കിട്ടണമെങ്കിലും ഭാവന വികസിക്കണമെങ്കിലും വായന അത്യാവശ്യമാണ്.ദൃശ്യമാധ്യമങ്ങള്‍ ഭാവനയെ പരിമിതപ്പെടുത്തുകയാണ്.കുട്ടിക്കാലത്ത് ടീച്ചര്‍ രാമായണം കഥ പറഞ്ഞു തരുമ്പോള്‍ ഞങ്ങളോരോരുത്തരുടെയും മനസ്സിലെ സീതയ്ക്കും രാമനുമെല്ലാം വ്യത്യസ്തമുഖങ്ങളുണ്ടായിരുന്നു.രാമായണം സീരിയലായതോടെ എല്ലാവരുടേയും രാമന് അരുണ്‍ഗോവിലിന്റെയും സീതയ്ക്ക് ദീപികയുടെയും മുഖമായി മാറി.നീലക്കരിമ്പിന്റെ നിറമുണ്ടായിരുന്ന കുസൃതിക്കണ്ണനെയോര്‍ക്കുമ്പോള്‍ നിതീഷ് ഭരദ്വാജിന്റെ മുഖം മാത്രമേ ഇന്നെനിക്ക് ഓര്‍മ്മ വരുന്നുള്ളൂ.കാഴ്ച നമ്മുടെ ഭാവനയെ പരിമിതപ്പെടുത്തുന്നത് ഇങ്ങനെയാണ്.ഒരേ രീതിയിലുള്ള ബിംബങ്ങളെ ഓരോരുത്തര്‍ക്കും തരികയാണ്.ഒരു കഥ വായിക്കുമ്പോള്‍ ഞാന്‍ സങ്കല്പിക്കുന്ന ലോകമല്ല നിങ്ങള്‍ ഭാവനയില്‍ കാണുന്നത്.അതാണതിന്റെ വ്യത്യാസം.ഒരു പ്രയോജനവുമില്ലാത്ത വിനോദപരിപാടികള്‍ക്കായി കളയുന്ന സമയത്തിന്റെ ഒരു ഭാഗം വായനക്കായി മാറ്റി വച്ചു നോക്കുക.തീര്‍ച്ചയായും നിങ്ങള്‍ക്കത് ഏറെ ഗുണം ചെയ്യും.
എഴുതിയത് തിരുത്തിയെഴുതാനുള്ള മനസ്സാണ് ഒരു നല്ല എഴുത്തുകാരന് അത്യാവശ്യം.പ്രസിദ്ധീകരിക്കാന്‍ ധൃതി കൂട്ടാതെ സമയമെടുത്ത് പലതവണ വായിച്ച് തിരുത്തിയെഴുതിയാല്‍ മാത്രമേ രചനയ്ക്ക് പൂര്‍ണ്ണത കൈവരികയുള്ളൂ.രചനകളുടെ എണ്ണം കൂട്ടുന്നതിനേക്കാള്‍ അഭികാമ്യം അവയുടെ മേന്മ വര്‍ദ്ധിപ്പിക്കുന്നതാണ്.
എഴുത്ത് ഉള്ളിലുണ്ടെങ്കില്‍ വായനയുടെ ഏതെങ്കിലും ഘട്ടത്തില്‍ നിങ്ങള്‍ എഴുതുക തന്നെ ചെയ്യും.പുറംലോകം അറിഞ്ഞാലുമില്ലെങ്കിലും അത് സംഭവിക്കാതിരിക്കില്ല.